'സാറിന്റെ കുട്ടിക്കെതിരെ മത്സരിക്കുന്ന ആളായിട്ടുപോലും എന്നെ സഹായിക്കാന്‍ ഒരു മടിയും കാണിച്ചില്ല' ; രാമകൃഷ്ണനെ പിന്തുണച്ച് നടി മിയ
|നെഗറ്റീവ് ഒട്ടുമില്ലാത്ത വളരെ പോസിറ്റീവായ, സ്നേഹത്തോടെ ഇടപെടുന്ന നല്ല അധ്യാപകനാണ് അദ്ദേഹമെന്നും മിയ
അധിക്ഷേപ പരാമര്‍ശം നേരിട്ട നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നടി മിയ. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വ്യക്തിപരമായ അനുഭവത്തോടൊപ്പം മിയ വിഡിയോ പങ്കുവച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം ജില്ലാ കലോത്സവത്തില്‍ മോഹിനിയാട്ട മത്സരത്തില്‍ പങ്കെടുക്കവേ ഉണ്ടായ അനുഭവമാണ് മിയ പങ്കുവച്ചത്.
മോഹിനിയാട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മിയ. മത്സരത്തില്‍ ഒന്നാമതായി സ്റ്റേജില്‍ കയറി. അതിനിടയില്‍ പാട്ട് നിന്നുപോയി. പക്ഷേ പാട്ട് ഇല്ലാതെ മിയ അത് പൂര്‍ത്തിയാക്കി. എന്നാല്‍ സാങ്കേതിക പ്രശ്‌നം കാരണം നൃത്തം പൂര്‍ത്തിയാക്കാനാവാതിരുന്നതോടെ മത്സരത്തിന് മിയക്ക് ഒരു അവസരം കൂടി ലഭിച്ചു.
കുറേപേര്‍ മത്സരത്തിനുണ്ടായിരുന്നതോടെ മിയ ഗ്രീന്‍ റൂമില്‍ പോയി വിശ്രമിച്ചു. ഇതിനിടെ രാമകൃഷ്ണന്‍ സാറിനെ കാണുകയും ശിഷ്യയെ ഒരുക്കികൊണ്ടിരിക്കുകയായിരുന്ന അദ്ദേഹം അടുത്ത് വന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും മിയ പറഞ്ഞു. മോള് വിശ്രമിക്ക്, വെള്ളം വേണോ എന്നെല്ലാം ചോദിച്ചു. സമാധാനമായി ടെന്‍ഷന്‍ ഒന്നുമില്ലാതെ പോയി മത്സരിക്കൂ എന്ന് പറഞ്ഞു. ആ കുട്ടിക്ക് കഴിക്കാന്‍ വെച്ചിരുന്ന ഓറഞ്ച് പോലും കഴിക്കാന്‍ തന്നു. തനിക്കുവേണ്ട എല്ലാ പിന്തുണയും തന്ന് അദ്ദേഹം തന്നെ സ്റ്റേജിലേക്ക് വിട്ടുവെന്നും മിയ പറഞ്ഞു.
'അങ്ങനെയാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അപ്പോള്‍ പേരൊന്നും അറിയില്ലായിരുന്നു. കലാഭവന്‍ മണിയുടെ സഹോദരനാണെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു. വളരെ ബഹുമാനത്തോടെയാണ് അദ്ദേഹത്തെ കണ്ടത്. മത്സര ഫലം വന്നപ്പോള്‍ തനിക്ക് ഒന്നാം സമ്മാനം കിട്ടി. ആ സമയത്ത് സാറിന്റെ കുട്ടിക്കെതിരെ മത്സരിക്കുന്ന ആളായിട്ടുപോലും എന്നെ സഹായിക്കാന്‍ ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ് രാമകൃഷ്ണന്‍ സര്‍' മിയ പറഞ്ഞു.
നെഗറ്റീവ് ഒട്ടുമില്ലാത്ത വളരെ പോസിറ്റീവായ, സ്നേഹത്തോടെ ഇടപെടുന്ന നല്ല അധ്യാപകനാണ് അദ്ദേഹം. വളരെ സ്‌നേഹത്തോടെയുള്ള ഇടപെടലാണ് അദ്ദേഹത്തില്‍ നിന്ന് തനിക്ക് കിട്ടിയത്. ആ അനുഭവം തനിക്ക് വലിയ പാഠമായിരുന്നു. അദ്ദേഹം നല്ലൊരു മനുഷ്യനും കറകളഞ്ഞ കലാകാരനുമാണെന്നും മിയ പറഞ്ഞു
അതേസമയം വിവാദ പരാമര്‍ശം നടത്തിയ നര്‍ത്തകി സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. വിഷയം വന്‍ വിവാദമായതോടെ നിരവധി പേരാണ് രാമകൃഷ്ണനെ പിന്തുണച്ച് രംഗത്ത് വന്നത്.