Kerala
ലളിതേച്ചിക്ക്  അന്ത്യാഞ്ജലി അർപ്പിച്ച് മലയാള സിനിമ ലോകം
Kerala

ലളിതേച്ചിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മലയാള സിനിമ ലോകം

Web Desk
|
23 Feb 2022 2:22 AM GMT

അഞ്ചുപതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ മുഖമായിരുന്നു കെ.പി.എ.സി ലളിത

പ്രിയപ്പെട്ട ലളിതചേച്ചിയുടെ അപ്രതീക്ഷ വിടവാങ്ങലിന്റെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. കെ.പി.എ.സി ലളിതയുടെ വിയോഗ വാർത്തയറിഞ്ഞ് സിനിമ മേഖലയിലെ നിരവധി പേരാണ് അർധരാത്രി തന്നെ ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്. അഞ്ചുപതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്ന കെ.പി.എ.സി ലളിത എറണാകുളം തൃപ്പുണിത്തുറയിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അന്തരിച്ചത്.

നിരവധി സീരിയലിലും സിനിമയിലും അമ്മയും മരുമകളുമായി വേഷമിട്ട മഞ്ജുപിള്ള മരണവിവരം അറിഞ്ഞ ഉടനെ തൃപ്പുണിത്തുറയിലെ ഫ്‌ളാറ്റിലേക്കെത്തിയിരുന്നു. അമ്മയെയാണ് നഷ്ടമായതെന്ന് മഞ്ജുപിള്ള പറഞ്ഞു. നടൻ മോഹൻലാൽ, ദിലീപ്, കാവ്യമാധവൻ, ടിനിടോം, രചന നാരായണൻ കുട്ടി, സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ തുടങ്ങിയവരെല്ലാം അർധ രാത്രി തന്നെ കെ.പി.എ.സി ലളിതയുടെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

മലയാള സിനിമക്കും മലയാളികൾക്കും വലിയ നഷ്ടമാണ് കെ.പി.എ.സി ലളിതയുടെ വിയോഗമെന്ന് സംവിധായകൻ കമൽ അനുസ്മരിച്ചു. പുരസ്‌കാരങ്ങൾക്കപ്പുറം മലയാളി ഹൃദയങ്ങളിൽ അവരുടെ ഓരോ കഥാപാത്രങ്ങളും സ്ഥാനം പിടിച്ചു. മലയാളികൾക്ക് കെ.പി.എ.സി ലളിത ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ഓർമിച്ചു.

എന്റെ സഹപ്രവർത്തകയല്ല, സ്‌നേഹിതയായിരുന്നു ,അമ്മയായിരുന്നു കെ.പി.എ.സി. ലളിത എന്ന് നടി നവ്യ നായർ അനുസ്മരിച്ചു.

' എന്റെ ലളിതാന്റി. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. നിങ്ങളെ വല്ലാതെ മിസ് ചെയ്യും. 'ഒരുത്തീലും' എന്റെ അമ്മ .ജീവിതത്തിലും അങ്ങനെ തന്നെ. 'നമ്മൾ ഒരു നക്ഷത്രമാടി,ചിത്തിര ' ഇനി അതു പറയാൻ ലളിതാന്റി ഇല്ല. എന്റെ സഹപ്രവർത്തകയല്ല , സ്‌നേഹിതയായിരുന്നു ,അമ്മയായിരുന്നു.ഇഷ്ടപ്പെട്ടോരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ, നിശ്ശബ്ദയായി പോകുന്നു. മരണം വരെ അഭിനയിക്കണം, വീട്ടിലിരിക്കേണ്ടി വരരുത്, അതായിരുന്നു ആഗ്രഹംഅതങ്ങനെ തന്നെ നടന്നു' എന്നും നവ്യ ഫേസ്ബുക്കിൽ കുറിച്ചു.


നടന്മാരായ പൃഥിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരും കെ.പി.എ.സി ലളിതക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. അതുല്യ നടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Similar Posts