മലയാളം സര്‍വകലാശാല വി.സി നിയമനം: സര്‍ക്കാറുമായി പോരിനുറച്ച് ഗവര്‍ണര്‍
|വി.സിയെ നിയമിക്കേണ്ടത് ചാന്‍സലറാണെന്നും തന്നോട് സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ആവശ്യപ്പെടാന്‍ സര്‍ക്കാരിനാകില്ലെന്നും ഗവര്‍ണര്‍
തിരുവനന്തപുരം: മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാറുമായി കൊമ്പുകോര്‍ക്കാനുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി.സിയെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഗവര്‍ണറോട് പ്രതിനിധിയെ തേടിയ സര്‍ക്കാര്‍ നടപടിയുടെ നിയമസാധുത അദ്ദേഹം ചോദ്യം ചെയ്തു. ബില്ലുകള്‍ ഒപ്പുവയ്ക്കാന്‍ വൈകുന്നതില്‍ സംസ്ഥാനം സുപ്രിംകോടതിയെ സമീപിക്കുമോയെന്ന് അറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഫെബ്രുവരി 28ന് കാലാവധി കഴിഞ്ഞ മലയാളം സര്‍വകലാശാല വി.സി അനില്‍ വള്ളത്തോളിന് പകരക്കാരനെ കണ്ടെത്തുന്ന കാര്യത്തിലാണ് സര്‍ക്കാറും ചാന്‍സലറായ ഗവര്‍ണറും പോര് തുടരുന്നത്. നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ ഒപ്പുവയ്ക്കാത്ത സർവകലാശാലാ നിയമഭേദഗതി അനുസരിച്ച് വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് സർക്കാർ നീക്കം.
ഇതുപ്രകാരം ഗവര്‍ണറോട് പ്രതിനിധിയെ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, വി.സിയെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്കാണെന്ന വാദത്തിലുറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്‍റെ നടപടിയെന്നും നിയമസഭ പാസാക്കിയാല്‍ മാത്രം ബില്‍ നിയമമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒപ്പുവയ്ക്കാത്ത ബില്ലുകളില്‍ വിശദീകരണം നല്കാന്‍ മന്ത്രിമാര്‍ ആറുമാസം സമയമെടുത്തു. ബില്ലുകള്‍ പഠിക്കാന്‍ തനിക്കും സമയം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒപ്പുവയ്ക്കാന്‍ വൈകുന്നതിനെതിരെ സംസ്ഥാനം സുപ്രിംകോടതിയെ സമീപിക്കുമോയെന്ന് അറിയില്ല. കോടതി തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. സിസ തോമസിന് പകരം കെ.ടി.യു വി.സി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനല്‍ പരിശോധിക്കുകയാണെന്നും ഗവര്‍ണര്‍ അറിയിച്ചു.
Summary: Governor Arif Mohammad Khan locked horns with the government on the appointment of the Vice Chancellor of the Malayalam University.