സുഡാനിൽ നിന്നെത്തിയ മലയാളികള്‍ ബെംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി
|യെല്ലോ ഫീവർ പ്രതിരോധ വാക്സിൻ കാർഡ് നിർബന്ധമാക്കിയതോടെയാണ് ഇവർ കുടുങ്ങിയത്.
ബെംഗളൂരു: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് എത്തിയ മലയാളികള്‍ ബെംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി. സൗദി വഴി വന്ന 25 മലയാളികളാണ് കുടുങ്ങിയത്.
യെല്ലോ ഫീവർ പ്രതിരോധ വാക്സിൻ കാർഡ് നിർബന്ധമാക്കിയതോടെയാണ് ഇവർ കുടുങ്ങിയത്. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആറു ദിവസം സ്വന്തം ചെലവിൽ ക്വാറന്റൈനിൽ പോകണമെന്ന് എയർപോട്ട് അധികൃതർ അറിയിച്ചു.
എന്നാൽ ക്വാറന്റൈൻ ചെലവ് വഹിക്കാൻ കഴിയുന്ന സാഹചര്യമല്ലെന്ന് യാത്രക്കാർ പറയുന്നു. ഇത്തരം ഒരു നിർദേശവും നോർക്ക നൽകിയിട്ടില്ല. സംസ്ഥാന സർക്കാരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടെല്ലെന്നും യാത്രക്കാർ പറയുന്നു.
അതേസമയം, വിവരം അറിഞ്ഞപ്പോൾ തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടതായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് മീഡിയവണിനോട് പറഞ്ഞു. ആദ്യ ദിവസങ്ങളിൽ ഡൽഹിയിലും മുംബൈയിലുമെത്തിയ യാത്രികരോട് കാർഡ് ചോദിച്ചിരുന്നില്ല. ഇന്ന് മുതലാണ് അത് കേന്ദ്രം നിർബന്ധമാക്കിയത്.
ഏത് വിമാനത്താവളത്തിൽ എത്തുന്നവർക്കും ഇനി യെല്ലോ ഫീവർ സർട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കിൽ ക്വാറന്റൈനിൽ പോകേണ്ടിവരുമെന്ന നിർബന്ധ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
അങ്ങനെ ക്വാറന്റൈൻ വേണ്ടിവന്നാൽ അതിനാവശ്യമായ സഹായങ്ങൾ സംസ്ഥാന സർക്കാരുകൾ ചെയ്യും. അത് കഴിഞ്ഞാൽ അവർക്ക് കേരളത്തിലേക്ക് പോവാനുള്ള സഹായങ്ങളും ചെയ്യും. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഈ പ്രശ്‌നത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും സംസ്ഥാനങ്ങൾക്ക് ഇടപെടാനാവില്ലെന്നും കെ.വി തോമസ് വിശദമാക്കി.
യെല്ലോ ഫീവർ സർട്ടിഫിക്കറ്റ് കൈകാര്യം ചെയ്യുന്നത് നോർക്കയല്ല. ഇത്തരമൊരു സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ സംസ്ഥാനങ്ങൾക്കൊന്നും ചെയ്യാനാവില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.