ഇറാനിയൻ നേവി പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളിയും
|ഹൂസ്റ്റണിലേക്കുള്ള യാത്രാ മധ്യേ ഒമാൻ -ഇറാൻ സമുദ്രാതിർത്തിയിൽ വെച്ചാണ് കപ്പൽ പിടിച്ചെടുത്തത്
കൊച്ചി: ഇറാനിയൻ നേവി കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളിയും. എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിനാണ് കപ്പലിലുള്ളത്. ഹൂസ്റ്റണിലേക്കുള്ള യാത്രാ മധ്യേ ഒമാൻ -ഇറാൻ സമുദ്രാതിർത്തിയിൽ വെച്ചാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പൽ ഒരു ബോട്ടിൽ ഇടിച്ചു എന്നതാണ് അവസാനമായി ലഭിക്കുന്ന വിവരം. കപ്പൽ വിട്ടുകിട്ടാൻ വിദേശകാര്യമന്ത്രാലയം ഇടപെടണമെന്ന് എഡ്വിന്റെ കുടുംബം ആവശ്യപ്പെട്ടു.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കന്പനിയുടെ അഡ്വാന്റേജ് സ്വീറ്റ് എന്ന എണ്ണക്കപ്പലാണ് ഇറാൻ നേവി പിടിച്ചെടുത്തത്. - എഡ്വിൻ ഉൾപ്പെടെ 23 ഇന്ത്യക്കാരും ഒരു റഷ്യൻ പൗരനും കപ്പലിലുണ്ട്.
കപ്പലിലെ സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ആശയവിനിമയ ഉപകരണങ്ങൾ ജീവനക്കാരിൽ നിന്നും പിടിച്ചെടുത്തതായാണ് വിവരം. കപ്പലിന്റെ ഉടമസ്ഥകന്പനിയ്ക്കും ജീവനക്കാരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
എഡ്വിൻ അവസാനമായി ബുധനാഴ്ചയാണ് കുടുംബവുമായി സംസാരിച്ചത്. ഈ മാസം പതിനഞ്ചിന് യാത്ര പൂർത്തിയാക്കി നാട്ടിലെത്താനിരിക്കെയാണ് അപ്രതീക്ഷിതമായ സംഭവം. എഡ്വന്റെ മോചനത്തിനായി എംബസിക്കും, ജനപ്രതിനിധികൾക്കും പരാതി നൽകി കാത്തിരിക്കുകയാണ് കുടുംബം.