അരുണാചൽപ്രദേശിൽ മലയാളി ദമ്പതികളുടെ മരണം; ദുർമന്ത്രവാദ ആരോപണത്തിൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്
|കോട്ടയം സ്വദേശികളായ നവീൻ, ദേവി, തിരുവനന്തപുരം സ്വദേശി ആര്യ എന്നിവരെയാണ് അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: അരുണാചൽപ്രദേശിൽ ആത്മഹത്യ ചെയ്ത മലയാളികളുടെ മരണത്തിന് പിന്നാലെ ഉയർന്ന ദുർമന്ത്രവാദത്തിൽ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ഉന്നയിച്ച കാര്യങ്ങളും മരിച്ചവരുടെ ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കും. 'ഇത്രയും കാലം സന്തോഷത്തോടെ ജീവിച്ചു. ഇനി മരിക്കുന്നു' എന്ന് എഴുതിയ കുറിപ്പും ഹോട്ടൽ മുറിയിൽനിന്ന് കണ്ടെടുത്തിരുന്നു.
ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെയും മരണത്തിൽ വ്യക്തത വന്നിട്ടില്ല. നവീനും ദേവിയും ആര്യയും ദുർമന്ത്രവാദത്തിന്റെ പിടിയിൽ അകപ്പെട്ടെന്ന് മൂന്നുപേരുടെയും മരണത്തിന്റെ പിന്നാലെ നാട്ടുകാരും ബന്ധുക്കളും ആരോപണമുന്നയിച്ചിരുന്നു. ഇതിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകളും നവീന്റെ ഫോണിൽ നിന്ന് അരുണാചൽപ്രദേശ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കാനാണ് കേരള പോലീസിന്റെ തീരുമാനം.
ഇന്നലെ രാത്രിയോടെ വട്ടിയൂർക്കാവ് പൊലീസ് അരുണാചൽപ്രദേശിലേക്ക് യാത്രതിരിച്ചിരുന്നു. ഇന്ന് ഇറ്റാനഗറിലെ ഹോട്ടലിൽ എത്തുന്ന കേരളാ പൊലീസ് വിശദമായ പരിശോധന നടത്തും. ഇതിനുശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക. വട്ടിയൂർക്കാവ് സ്വദേശിയായ ദേവി വിവാഹത്തിനുശേഷം കോട്ടയത്ത് നവീന്റെ മീനടത്തെ വീട്ടിലായിരുന്നു താമസം. വല്ലപ്പോഴുമാണ് തിരുവനന്തപുരത്തേക്ക് വന്നിരുന്നത്. ആര്യയുമായി ദേവിക്കും നവീനും ഉള്ള ബന്ധവും പൊലീസ് അന്വേഷിക്കും. അടുത്തമാസം ആര്യയുടെ വിവാഹം നടത്താൻ കുടുംബം ആലോചിച്ചിരുന്നു. ആത്മഹത്യ ചെയ്യത്തക്ക പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നതായി അറിയില്ലെന്ന് മാതാപിതാക്കളും പറയുന്നു.