അങ്കോലയിൽ മണ്ണിടിച്ചിലിൽ മലയാളിയെ കാണാതായ സംഭവം: അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിർദേശം
|വലിയ മഴ പെയ്തിട്ടും കർണാടക സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഒരറിയിപ്പും കേരളത്തിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം: കർണാടകയിലെ അങ്കോലയിൽ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ലോറിയും ഡ്രൈവറായ കോഴിക്കോട് സ്വദേശിയെ കാണാതായ സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. മുഖ്യമന്ത്രി ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകി.
രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാറും കോൺഗ്രസ് എം.പിമാരും കർണാകട സർക്കാറുമായി ബന്ധപ്പെട്ടു. കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ കുടുങ്ങിക്കിടക്കുന്നത്. അർജുൻ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. കർണാടകയിൽ നിന്ന് മരവുമായി കേരളത്തിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. മണ്ണിടിച്ചലുണ്ടായ ഭാഗത്താണ് അവസാനമായി ജിപിഎസ് കാണിച്ചത്.
അതേസമയം, കർണാടക അങ്കോലയിലെ അപകടത്തിൽ കർണാടക ഗതാഗത മന്ത്രിയുമായി സംസാരിച്ചെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.'വലിയ മണ്ണിടിച്ചിലാണ് ഉണ്ടായിട്ടുള്ളത്. ഏത് സമയത്തും ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാം. ലോറിയുടെ നമ്പർ ലഭ്യമായിട്ടില്ല. വലിയ മഴ പെയ്തിട്ടും കർണാടക സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഒരു അറിയിപ്പും കേരളത്തിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി ആരോപിച്ചു.