കോപ്റ്റര്‍ ദുരന്തം: മലയാളി ജവാന് പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും
|ഡിഎൻഎ പരിശോധന പൂർത്തിയാകാൻ മൂന്ന് ദിവസം വരെ എടുത്തേക്കും
കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഡിഎൻഎ പരിശോധന പൂർത്തിയാകാൻ മൂന്ന് ദിവസം വരെ എടുത്തേക്കും. കുടുംബത്തിലെ ആരുടെയും ഡിഎൻഎ സാമ്പിൾ ഇതുവരെ എടുത്തിട്ടില്ലെന്ന് പ്രദീപിന്റെ സഹോദരൻ പ്രസാദ് പറഞ്ഞു.
വിമാന മാര്‍ഗം നെടുമ്പാശ്ശേരിയില്‍ എത്തിച്ച ശേഷം റോഡു മാര്‍ഗം തൃശൂരിലേക്ക് കൊണ്ടുപോകും. മൃതദേഹം കൊണ്ടുവരുന്നതിന് ഒരു ദിവസം മുന്‍പ് അറിയിക്കുമെന്നാണ് കിട്ടിയ വിവരമെന്നും സഹോദരന് പറഞ്ഞു. കൂനൂരിന് സമീപം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരാണ് മരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം പൊള്ളലേറ്റ് ചികിത്സയിലാണ്.
തൃശൂർ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകനാണ് പ്രദീപ്. ഭാര്യ ശ്രീലക്ഷ്മിക്കും അഞ്ചും രണ്ടും വയസ്സുള്ള മക്കൾക്കുമൊപ്പം കോയമ്പത്തൂർ സൈനിക ക്വാർട്ടേഴ്സിലായിരുന്നു താമസം. അച്ഛന്റെ ചികിത്സാ ആവശ്യത്തിനായി നാട്ടില്‍ എത്തിയ പ്രദീപ്, തിരികെ ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടമുണ്ടായത്. പ്രദീപിന്റെ രോഗിയായ അച്ഛനെ മരണ വിവരം അറിയിച്ചിട്ടില്ല.
പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയശേഷം 2002ലാണ് പ്രദീപ് വ്യോമസേനയിൽ ചേർന്നത്. വെപ്പൺ ഫിറ്റർ ആയാണ് നിയമിക്കപ്പെട്ടത്. പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഛത്തീസ്ഗഢിലെ മാവോവാദികൾക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേനാ മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. 2018ൽ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേനാ താവളത്തിൽനിന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യർഹസേവനം കാഴ്ചവെച്ചു. ഒട്ടേറെ ജീവനുകൾ രക്ഷിച്ച ആ ദൗത്യസംഘത്തെ രാഷ്ട്രപതിയും സംസ്ഥാന സര്‍ക്കാരും അഭിനന്ദിക്കുകയുണ്ടായി.