മലയാറ്റൂരിലെ കാട്ടാനശല്യം സഭയിൽ; പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് വനംമന്ത്രി
|കുട്ടിയാന കിണറ്റിൽ വീണത് അസാധാരണവും ശ്രദ്ധേയവുമായ ദൃശ്യമെന്ന് എ.കെ ശശീന്ദ്രന്‍
തിരുവനന്തപുരം: മലയാറ്റൂരിലെ കാട്ടാനശല്യം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. റോജി.എം.ജോണാണ് വിഷയം ഉന്നയിച്ചത്. മലയാറ്റൂരിലടക്കം ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ആനകളെ കാട്ടിലേക്ക് തിരിച്ചുവിടാനുള്ള ശ്രമമാണ് വനംവകുപ്പ് തുടരുന്നതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ മറുപടി നൽകി.
പ്രതിഷേധിക്കുന്നവരുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ഉദാസീനത ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിസന്ധിക്കിടയിലും നാം കണ്ട മനോഹരമായ ദൃശ്യമാണ് കുട്ടിയാനയെ രക്ഷിച്ച തള്ളയാനയെന്നും മന്ത്രി പറഞ്ഞു.
മലയാറ്റൂർ ഇല്ലിത്തോട്ടിലാണ് കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തിയത്. ഇല്ലിത്തോട് സ്വദേശി സാജുവിന്റെ വീട്ടിലെ കിണറ്റിലാണ് കുട്ടിയാന വീണത്. വന്യജീവി ആക്രമണത്തിൽ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യവുമായി പ്രദേശവാസികൾ പ്രതിഷേധിക്കുകയാണ്.