മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണിൽ നിന്ന്; മെറ്റയുടെ മറുപടി
|ഹാക്കിംഗ് നടന്നോ എന്ന ചോദ്യത്തിന് മെറ്റ വ്യക്തമായ മറുപടി നൽകിയിട്ടില്ല
തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് കെ.ഗോപാലകൃഷ്ണൻ ഐഎഎസിന്റെ ഫോണിൽ നിന്ന് തന്നെയെന്ന് മെറ്റയുടെ മറുപടി. ഹാക്കിംഗ് നടന്നോ എന്ന ചോദ്യത്തിന് മെറ്റ വ്യക്തമായ മറുപടി നൽകിയിട്ടില്ല. കൂടുതൽ വിശദീകരണം തേടി പൊലീസ് വീണ്ടും മെറ്റയ്ക്കും ഗൂഗിളിനും കത്തയച്ചിട്ടുണ്ട്.
വാട്‌സ്ആപ്പ് വിവാദത്തിന് പിന്നാലെ സംഭവത്തിൽ വ്യക്തത തേടി സൈബർ പൊലീസ് കഴിഞ്ഞ ദിവസമാണ് മെറ്റയ്ക്ക് കത്തയച്ചത്. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണിൽ നിന്നാണോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഇതിനാണ് അതെ എന്ന് മറുപടി ലഭിച്ചിരിക്കുന്നത്. ഹാക്കിംഗ് നടന്നോ എന്ന ചോദ്യത്തിന് മെറ്റ മറുപടി പറഞ്ഞില്ല. തുടർന്ന് ഇതേ ചോദ്യമാവർത്തിച്ച് സിറ്റി പൊലീസ് കമ്മിഷണറുടെ പേരിൽ വീണ്ടും കത്തയച്ചിട്ടുണ്ട്. ഇതിൽ വ്യക്തത വന്നാൽ മാത്രമേ ഗോപാലകൃ്ഷണന്റെ പരാതിയിൽ കേസെടുക്കണോ വേണ്ടയോ എന്ന് പൊലീസിന് തീരുമാനിക്കാനാകൂ.
വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി എന്ന് പറയപ്പെടുന്ന ഫോൺ നിലവിൽ പൊലീസിന്റെ കയ്യിലാണ്. ഇത് ഇന്ന് ഫൊറൻസിക് പരിശോധനയ്ക്കയ്ക്കും. ഫോർമാറ്റ് ചെയ്തതിന് ശേഷമാണ് പരിശോധന എന്നത് കൊണ്ടു തന്നെ എത്രമാത്രം വിവരങ്ങൾ ലഭിക്കും എന്ന് പൊലീസിന് ആശങ്കയുണ്ട്. മെറ്റയിൽ നിന്നും ഗൂഗിളിൽ നിന്നും വിവരം ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് ഹിന്ദു ഉദ്യോഗസ്ഥരുടെ പേരിൽ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായിരുന്നു ഗ്രൂപ്പ് അംഗങ്ങൾ്. ഗ്രൂപ്പിലേക്ക് ആഡ് ചെയ്തതിനു പിന്നാലെ ചില ഉദ്യോഗസ്ഥർ കെ. ഗോപാലകൃഷ്ണനോട് നേരിട്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. 11 ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്.
തുടർന്ന് ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ഉൾപ്പെടുത്തി ആരോ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്നും വിശദീകരിച്ച് ഉദ്യോഗസ്ഥർക്ക് ഗോപാലകൃഷ്ണൻ ഓഡിയോ സന്ദേശം അയച്ചു. ഫോൺ ഹാക്ക് ചെയ്തെന്നു കാണിച്ച് സൈബർ പൊലീസിനു പരാതിയും നൽകി.
കോവിഡ് കാലത്ത് മലപ്പുറം ജില്ലാ കലക്ടറായിരുന്ന കെ. ഗോപാലകൃഷ്ണൻ മെഡിക്കൽ ഉപകരണങ്ങൾ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി, പൊതുജനങ്ങളിൽനിന്നു ധനസമാഹരണം നടത്താൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് അഭ്യർഥിച്ചത് വലിയ വിവാദമായിരുന്നു. ജില്ലയിൽ കോവിഡ് ചികിത്സയ്ക്ക് മതിയായ സജ്ജീകരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാണക്കാട്ടെത്തിയത്