എനിക്കെതിരെയുള്ള പരാതി നൂറു ശതമാനം വ്യാജമാണ്; മതിയായ തെളിവുകൾ കൊണ്ട് നേരിടുമെന്ന് മല്ലു ട്രാവലര്‍
|സൗദി വനിതയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്
കൊച്ചി: തനിക്കെതിരെയുള്ള പീഡന പരാതി നൂറു ശതമാനം വ്യാജമാണെന്ന് മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്‍ഹാന്‍. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടുമെന്നും തന്‍റെ ഭാഗം കൂടി കേട്ടിട്ട് അഭിപ്രായം പറയണമെന്നും മല്ലു ട്രാവലര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മല്ലു ട്രാവലറുടെ കുറിപ്പ്
എന്‍റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100% ഫേക്ക് ആണ്. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്ന് അറിയാം. എന്‍റെ ഭാഗം കൂടി കേട്ടിട്ട് , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.
സൗദി വനിതയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. സെപ്റ്റംബർ 13ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണു വിവരം. അഭിമുഖത്തിനെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയത്. കോഴിക്കോട് സ്വദേശിയായ പ്രതിശ്രുത വരനൊപ്പമാണ് ഇവർ എത്തിയിരുന്നത്. അഭിമുഖത്തിനിടെ യുവാവ് പുറത്തുപോയ സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് കയറിപ്പിടിക്കുകയായിരുന്നുവെന്നാണു പരാതിയിൽ പറയുന്നത്.
ഷാക്കിൽ നിലവിൽ വിദേശത്താണെന്നാണ് പൊലീസ് പറയുന്നത്. നാട്ടിൽ തിരിച്ചെത്തിയാൽ അറസ്റ്റ് നടപടികളിലേക്കു കടക്കുമെന്ന് പൊലീസ് അറിയിച്ചു.