സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശക്തമായ തെളിവുകള്‍ കൈയിലുണ്ട്; നിരപരാധിത്വം കോടതിയിൽ തെളിയിക്കും-മല്ലു ട്രാവലർ
|''നാളെ നിരപരാധിയായി പുറത്തുവന്നാലും ജനങ്ങളുടെ മുന്നിൽ സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ ആളാകും ഞാൻ. ഇത് എന്റെ കുടുംബത്തെയും ബാധിക്കും.''
ദുബൈ: സൗദി യുവതിയുടെ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി വ്‌ളോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാൻ. കേസിൽ ഒരുതരത്തിലുള്ള ഒത്തുതീർപ്പിനും ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേസിൽ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ രേഖകൾ കൈയിലുണ്ട്. നിരപരാധിത്വം കോടതിയിൽ തെളിയിക്കും. കാനഡ യാത്ര കഴിഞ്ഞ് ദുബൈയിലാണുള്ളതെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാൽ നാട്ടിൽ വരുമെന്നും മല്ലു അറിയിച്ചു.
സോഷ്യൽ മീഡിയയിൽ റീച്ച് ഉണ്ടാക്കുകയാണ് എനിക്കെതിരെ കേസ് കൊടുത്തയാളുടെ ലക്ഷ്യം. അതിനുള്ള തരികിട പരിപാടിയാണിത്. അയാളുടെ ചാനലിൽ മുഴുവൻ എന്നെക്കുറിച്ചുള്ള വളരെ മോശമായ രീതിയിലുള്ള അപവാദങ്ങളാണുള്ളത്. വെല്ലുവിളികളും വരുന്നുണ്ട്. കേസിൽ ഞാൻ ഒത്തുതീർപ്പിനു ശ്രമിച്ചുവെന്ന് പറയുന്നുണ്ട്. എന്നാൽ, ഞാൻ ഒരിക്കലും ഒത്തുതീർപ്പിനു ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല, നൂറു ശതമാനം ഇനിയൊരിക്കലും ഒത്തുതീർപ്പിനു ശ്രമിക്കുകയുമില്ല. എനിക്കെതിരെ ആരോപണം ഉന്നയിച്ചത് അവരാണ്. അത് അവർ തെളിയിക്കട്ടെയെന്നും മല്ലു യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയിൽ പറഞ്ഞു.
''സ്ത്രീയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽ നാട്ടിലെ നിയമം അനുസരിച്ച് ഞാൻ നാട്ടിൽ വന്നാൽ പൊലീസ് എന്നെ അറസ്റ്റ് ചെയ്ത് ജയിലിലിടും. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചാൽ ഞാൻ നാട്ടിൽ വരും. ശബ്ദസന്ദേശം അടക്കമുള്ള സി.സി.ടി.വി കാമറാ രേഖകളും ശക്തമായ തെളിവുകളും കൈയിലുണ്ട്. എന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കും.''
ഈ കേസ് തീരാൻ ഒരു വർഷമെങ്കിലും എടുക്കും. അതുകഴിഞ്ഞ് നാളെ നിരപരാധിയായി പുറത്തുവന്നാലും ജനങ്ങളുടെ മുന്നിൽ ഞാൻ സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ ആളാകും. ഇത് എന്റെ കുടുംബത്തെയും ബാധിക്കും. നാട്ടിൽ ഒരു സ്ത്രീ വിചാരിച്ചാൽ ഏതു പുരുഷനെയും തകർക്കാനാകും. എനിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിൽ ഒരുപാട് വ്യാജ വാർത്തകൾ വരുന്നുണ്ട്. പൊലീസിൽ വിളിച്ചുചോദിച്ചപ്പോൾ അങ്ങനെയൊരു നോട്ടിസും ഇറങ്ങിയിട്ടില്ലെന്നാണു പറഞ്ഞതെന്നും മല്ലു ട്രാവലർ കൂട്ടിച്ചേർത്തു.
സൗദി യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ആണ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തത്. പരാതിയിൽ 354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം യുവതി എറണാകുളം ജില്ലാ കോടതിയിലെത്തി രഹസ്യമൊഴി നൽകുകയും ചെയ്തിട്ടുണ്ട്.
Summary: Vlogger Mallu Traveler aka Shakir Subhan responds to Saudi woman's sexual harassment complaint