നിയമം എല്ലാവർക്കും ഒരുപോലെ, മുഖ്യമന്ത്രിക്ക് പരാതി നൽകും: വീണ്ടും മല്ലു ട്രാവലർ
|"പൈസക്കാരനു വേണ്ടി മാത്രമാകരുത് നിയമം"
സ്വകാര്യ വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് വ്‌ളോഗർ മല്ലു ട്രാവലർ. തന്റെ പ്രതിഷേധം കുറുപ്പ് സിനിമയ്‌ക്കോ ദുൽഖർ സൽമാനോ എതിരെയല്ലെന്നും യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ വ്‌ളോഗർ ആവര്‍ത്തിച്ചു. സ്വകാര്യ വാഹനങ്ങളിൽ രൂപമാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയില്ലെന്ന വിദഗ്ധരുടെ അഭിപ്രായം ഉൾക്കൊള്ളിച്ചുള്ളതാണ് വീഡിയോ.
'കുറുപ്പ് സിനിമ ഞാനും കണ്ടു. സിനിമ ഇഷ്ടപ്പെട്ടു. ജനങ്ങളെ തിരിച്ച് തിയേറ്ററുകളിലേക്ക് കൊണ്ടുപോകാൻ സിനിമ സ്വാധീനിച്ചിട്ടുണ്ട്. മലയാള സിനിമയുടെ സെക്കൻഡ് ലൈഫാണ് കൊറോണയ്ക്ക് ശേഷം കുറുപ്പിലൂടെ വരാനുള്ളത്. കുറുപ്പിനും ദുൽഖർ സൽമാനുമെതിരെയല്ല ഞാൻ. ഇക്കാര്യത്തിൽ ഒരുപാട് പേർ എന്നെ തെറിപറഞ്ഞു. വണ്ടിയിൽ രൂപമാറ്റം വരുത്താൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട് നാട്ടിൽ. എന്നാൽ നിയമം മൂലം അവർക്കതിന് സാധിക്കുന്നില്ല. അവർക്കു വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. കേരളത്തിലെ പ്രൈവറ്റ് വാഹനത്തിന് സ്റ്റിക്കറൊട്ടിക്കുന്നത് കൊലപാതകക്കുറ്റം പോലെയാണ് എംവിഡി ഡിപ്പാർട്‌മെന്റ് കാണുന്നത്. അത്രയും വലിയ പിഴയാണ് ഒടുക്കുന്നത്. സിനിമയ്ക്കായി വാഹനം രൂപമാറ്റം വരുത്തിയത് നിയമപരമായി ശരിയല്ല എന്നാണ് എന്നോട് ഉദ്യോഗസ്ഥർ പറഞ്ഞത്.' - അദ്ദേഹം പറഞ്ഞു.
തങ്കച്ചൻ ജോൺ എന്ന ട്രാഫിക് നിയമവിദഗ്ധന്റെ അഭിപ്രായവും വ്‌ളോഗർ വീഡിയോയിൽ പങ്കുവച്ചു. അതിങ്ങനെ; 'പ്രൈവറ്റ് വാഹനങ്ങളിൽ പരസ്യം പ്രദർശിപ്പിക്കാൻ പാടില്ല എന്നാണ് നിയമം. കാരണം ഈ വാഹനത്തിന് അനുവദിച്ചിട്ടുള്ള നിറം വാഹനം രജിസ്‌ട്രേഷൻ നടത്തുന്ന സമയത്ത് രേഖപ്പെടുത്തുന്നുണ്ട്. അതിന് വ്യത്യസ്തമായി നിറത്തിൽ മാറ്റം വരുത്തണമെങ്കിൽ ആർടിഒയുടെ അനുമതി ആവശ്യമാണ്. പരസ്യം പ്രദർശിപ്പിക്കാൻ വാണിജ്യ വാഹനങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ. പ്രൈവറ്റ് കാറിൽ പരസ്യം പ്രദർശിപ്പിക്കുന്നത് കുറ്റകരമാണ്. ഫീസടച്ചു എന്ന ഒറ്റക്കാരണത്തിൽ വാഹനത്തിൽ പരസ്യം പ്രദർശിപ്പിക്കാനാകില്ല. ആ പ്രക്രിയ ആർടി ഓഫീസിൽ നടക്കേണ്ടതുണ്ട്.'
വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് പറഞ്ഞ വ്‌ളോഗർ ചില ഉദ്യോഗസ്ഥർക്കെതിരെയും സംസാരിച്ചു. 'മോട്ടോർ വെഹിക്കിൽ വകുപ്പിൽ ചില ഉദ്യോഗസ്ഥർ വളരെ മോശമായി പെരുമാറുന്നുണ്ട്. എല്ലാവരും മോശമാണ് എന്നു പറയുന്നില്ല. ഒരുപക്ഷേ, രണ്ടു ശതമാനം മാത്രമാണ് മോശക്കാർ. അത്രയും നല്ല വകുപ്പിന്റെ പേരു കളയുകയാണ് ഇവർ. മുഖ്യമന്ത്രി ഇതിലൊരു തീരുമാനമുണ്ടാക്കണം. ഈ ഉദ്യോഗസ്ഥരെ നിലക്ക് നിർത്തണം. പൈസക്കാരനു വേണ്ടി മാത്രമാകരുത് നിയമം.'- അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികരിക്കുന്നവർക്ക് ശത്രുക്കളുണ്ടാകുമെന്നും ഹെൽമറ്റിൽ ക്യാമറയുള്ളതു കൊണ്ടാണ് താൻ രക്ഷപ്പെട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.