Kerala
തെറിവിളി, പരിഹാസം; മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും ഇനി പങ്കുവെക്കില്ലെന്ന് മല്ലുട്രാവലര്‍
Kerala

'തെറിവിളി, പരിഹാസം'; മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും ഇനി പങ്കുവെക്കില്ലെന്ന് മല്ലുട്രാവലര്‍

ijas
|
11 Dec 2021 2:48 AM GMT

ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയിലെ എസ്കോര്‍ട്ട് വാഹനം സ്റ്റിക്കര്‍ ഒട്ടിച്ച് മോഡിഫൈ ചെയ്തതിനെതിരെയാണ് മല്ലു ട്രാവലര്‍ ആരോപണം ഉന്നയിച്ചത്.

വാഹനങ്ങളിലെ സ്റ്റിക്കര്‍ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട മല്ലു ട്രാവലര്‍ വിമര്‍ശനം കനത്തത്തോടെ ആരോപണം പിന്‍വലിച്ചു. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് മുസ്‍ലിം ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയിലെ എസ്കോര്‍ട്ട് വാഹനം സ്റ്റിക്കര്‍ ഒട്ടിച്ച് മോഡിഫൈ ചെയ്തതിനെതിരെയാണ് മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്‍ ആരോപണം ഉന്നയിച്ചത്.

ആരോപണം ഉന്നയിച്ച് മണിക്കൂറാവുന്നതിന് മുന്നേ തന്നെ തെറിവിളി കനത്തതായും മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും ഇനി പങ്കുവെക്കില്ലെന്നും മല്ലുട്രാവലര്‍ പറഞ്ഞു. ആര്‍ക്കുവേണ്ടിയാണോ താന്‍ പോസ്റ്റ് പങ്കുവെച്ചത് അവര്‍ തന്നെ തനിക്കെതിരെ തെറിവിളിക്കുന്നതായും ഇനി സ്വന്തം കാര്യം മാത്രം നോക്കി യാത്രാ വീഡിയോകളുമായി മുന്നോട്ടുപോകുമെന്നും മല്ലു ട്രാവലര്‍ അറിയിച്ചു. 'മോട്ടോർ വാഹന വകുപ്പിനോട്‌ : ഒന്നുകിൽ നിങ്ങൾ എല്ലാ ജനങ്ങൾക്കും ഒരേ നിയമം ആണൊ എന്ന് ഉറപ്പ്‌ വരുത്തുക, അല്ലെങ്കിൽ നിയമത്തിൽ ഭേദഗതി വരുത്തുക, രണ്ടും പറ്റില്ലായെങ്കിൽ ജോലി രാജി വെച്ച്‌ വേറെ പണിക്ക്‌ പോവുക'- എന്നിങ്ങനെയായിരുന്നു മല്ലു ട്രാവലറുടെ ഫേസ്ബുക്ക് പോസ്റ്റ്. സമ്മേളനത്തിനായി ഉപയോഗിച്ച വെളുത്ത എര്‍ട്ടിഗ കാറില്‍ സമ്മേളന പോസ്റ്റര്‍ പച്ച നിറത്തില്‍ പതിപ്പിച്ചതിനെതിരെയാണ് മല്ലു ട്രാവലര്‍ രംഗത്തുവന്നിരുന്നത്.

നേരത്തെ കുറുപ്പ് സിനിമയുടെ പ്രചരണത്തിന് വേണ്ടി തയ്യാറാക്കിയ വാഹനത്തിനെതിരേയും സമാനമായ ആരോപണം ഉന്നയിച്ച് മല്ലു ട്രാവലര്‍ രംഗത്തെത്തിയിരുന്നു.

മല്ലു ട്രാവലര്‍ പിന്‍വലിച്ച ഫേസ്ബുക്ക് പോസ്റ്റ്:

ഈ വാഹനം നിയമവിരുദ്ധമായി സ്റ്റിക്കർ വർക്ക്‌ ചെയ്തിട്ടുണ്ട്‌. നടപടി എടുക്കാത്തത്‌ എന്താണു ?? മോട്ടോർ വാഹന വകുപ്പിനോട്‌ : ഒന്നുകിൽ നിങ്ങൾ എല്ലാ ജനങ്ങൾക്കും ഒരേ നിയമം ആണൊ എന്ന് ഉറപ്പ്‌ വരുത്തുക, അല്ലെങ്കിൽ നിയമത്തിൽ ഭേദഗതി വരുത്തുക, രണ്ടും പറ്റില്ലാ എങ്കിൽ ജോലി രാജി വെച്ച്‌ വേറെ പണിക്ക്‌ പോവുക.

നിയമം എല്ലാവർക്കും ഒരു പോലെ ആവണം, അത്‌ രാഷ്ട്രീയ പാർട്ടി ആയാലും, മത സംഘടനകൾ ആയാലും.

(രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഇനി എന്നെ തെറി പറയാൻ വരണ്ട, ഈ വണ്ടിയിൽ കാണുന്ന ഫോട്ടോയിലെ 2 ആൾക്കാരെയും എനിക്ക്‌ നല്ല ഇഷ്ടമാണു, വ്യക്തിപരമായി അറിയാം, കൂടാതെ മലപ്പുറം എന്ന ജില്ലയെയും അവിടത്തെ ആൾക്കാരോടും പ്രത്യേകം ഇഷ്ടവുമുണ്ട്‌ , പ്രതിഷേധം അവരൊട്‌ അല്ല, മറിച്ച്‌ നമ്മുടെ നാട്ടിലെ മോഡിഫിക്കേഷൻ നിയമങ്ങളോടാണു)

ഇനി വരുന്ന ഇലക്ഷൻ കാലത്ത്‌ കേരളത്തിലെ പ്രൈവറ്റ്‌ വാഹനങ്ങളിൽ ഒരു തരത്തിലുമുള്ള സ്റ്റിക്കർ വർക്കുകൾ ഉണ്ടാവാതെ നോക്കണ്ടതും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റിന്‍റെ ഉത്തരവാദിത്തം ആണു. നേതാക്കന്മാർ സഞ്ചരിക്കുന്ന അലങ്കരിച്ച പ്രൈവറ്റ്‌ വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കാനുള്ള ഉത്തരവാദിത്തവും നിങ്ങൾക്കുണ്ട്‌, കേരളത്തിലെ വാഹന മോഡിഫിക്കെഷൻ നിയമം ഭേദഗതി ചെയ്തേ പറ്റൂ, അല്ലങ്കിൽ ഇത്‌ പോലെ പാവപ്പെട്ടവനു ഒരു നിയമവും, മറ്റുള്ളവർക്ക്‌ ഒരു നിയമവും ആവും.

ഈ നിയമത്തിലൊരു മാറ്റം വരുത്തുന്നത് വരെ ഇത്‌ പോലെ ഉള്ളത്‌ കണ്ടാൽ എല്ലാവരും അത്‌ ഷെയർ ചെയ്യണം, എല്ലാർക്കും നിയമം ഒരു പോലെ തടസ്സം ആയാൽ മാത്രമേ എല്ലാവരും ഈ വിഷയത്തിൽ ഒരുമിച്ച്‌ നിന്ന് പ്രതികരിക്കുള്ളൂ..

#savemodification MVD കേരളം



Similar Posts