Kerala
Malappuram SP S Sasidharan and Kozhikode City Police Commissioner T Narayanan sent the files through ADGP Ajith Kumar ignoring the instructions of the DGP in Mami missing case
Kerala

മാമി തിരോധാനക്കേസില്‍ ഡിജിപിയുടെ നിർദേശം അവഗണിച്ച് എസ്‍പിയും കമ്മിഷണറും; അജിത് കുമാർ വഴി ഫയലുകൾ അയച്ചു

Web Desk
|
14 Sep 2024 6:20 AM GMT

അജിത് കുമാർ വഴി ഫയലുകൾ അയയ്ക്കരുതെന്ന് ഡിജിപി നിര്‍ദേശിച്ചിരുന്നു

തിരുവനന്തപുരം: മാമി തിരോധാനക്കേസിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം അവഗണിച്ച് എസ്‍പിയും കമ്മിഷണറും. മാമി കേസ് ഫയലുകൾ ഐജിയോ ഡിഐജിയോ വഴി അയയ്ക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, എഡിജിപി അജിത് കുമാർ വഴിയാണ് മലപ്പുറം മുന്‍ എസ്‍പി എസ്. ശശിധരനും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ടി. നാരായണനും ഫയലുകൾ അയച്ചത്. ഇരുവരോടും ഡിജിപി വിശദീകരണം തേടിയിട്ടുണ്ട്.

മാമി തിരോധാനക്കേസില്‍ അജിത് കുമാറിന് ബന്ധമുണ്ടെന്ന് നേരത്തെ പി.വി അന്‍വര്‍ ആരോപിച്ചിരുന്നു. ഇതോടെ കേസന്വേഷിക്കുന്ന സംഘങ്ങൾ നൽകുന്ന റിപ്പോർട്ടുകളും ഫയലുകളും മലപ്പുറം എസ്.പിയും കോഴിക്കോട് കമ്മീഷണറും തനിക്ക് നേരിട്ട് അയയ്ക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് നിർദേശം നൽകിയിരുന്നു. എഡിജിപി വഴി അയയ്ക്കണമെന്ന പ്രോട്ടോകോൾ പാലിക്കേണ്ടതില്ലെന്നും അറിയിച്ചു. ഇതാണിപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ലംഘിച്ചത്. നടപടിയില്‍ വിശദീകരണം നൽകണമെന്ന് ശശിധരനോടും നാരായണനോടും ഡിജിപി ആവശ്യപ്പെട്ടിരിക്കുകയാണ്. ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ ഓഫിസ് വഴി ഫയലുകൾ എത്തരുതെന്ന നിർദേശം ലംഘിച്ചതിൽ ഡിജിപിക്ക് കടുത്ത അതൃപ്തിയുണ്ട്.

കഴിഞ്ഞ ദിവസമാണ് അന്വേഷണം മലപ്പുറം, കോഴിക്കോട് സംഘങ്ങളിൽനിന്നു മാറ്റി ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ച് ഉത്തരവായത്. ഇതിനിടെ അന്വേഷണച്ചുമതല മലപ്പുറം ക്രൈം ബ്രാഞ്ച് എസ്‍പിയായിരുന്ന വിക്രമിനെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി പി.വി അൻവർ ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷിനെ കണ്ടിരിക്കുകയാണ്. വിക്രമിനെ അഡിഷണൽ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കണമെന്നാണ് അൻവറിന്‍റെ ആവശ്യം.

Summary: Former Malappuram SP S Sasidharan and Kozhikode City Police Commissioner T Narayanan sent the files through ADGP Ajith Kumar ignoring the instructions of the DGP in Mami missing case

Similar Posts