മാമി തിരോധാനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
|ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് കുടുംബം
കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കി. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നിർദേശം നൽകി. സിബിഐക്ക് വിടണമെന്ന ശുപാർശക്ക് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് മകൾ പറഞ്ഞു. സിബിഐ അന്വേഷണമാണ് കുടുംബം ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നീതി കിട്ടുമെന്നാണ് പ്രതീക്ഷ. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും നീതി കിട്ടിയില്ലെങ്കിൽ വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും മകൾ പറഞ്ഞു.
കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിനെതിരെ പി.വി അൻവർ എംഎൽഎ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജി ഹൈക്കോടതി അടുത്തമാസം പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി. 2023 ആഗസ്റ്റ് 22 നാണ് മാമിയെ കാണാതായത്.