'ജ്യേഷ്ഠനാണ്,സുഹൃത്താണ്, വഴികാട്ടിയാണ് വേണു എന്നും എന്‍റെ മനസ്സിലുണ്ടാവും'; മമ്മൂട്ടി
|അന്തരിച്ച നടൻ നെടുമുടി വേണുവിനെക്കുറിച്ച ഓർമകൾ പങ്കുവച്ച് മെഗാസ്റ്റാർ മമ്മൂട്ടി
അന്തരിച്ച നടൻ നെടുമുടി വേണുവിനെക്കുറിച്ച ഓർമകൾ പങ്കുവച്ച് മെഗാസ്റ്റാർ മമ്മൂട്ടി. വേണു തനിക്ക് ജ്യേഷ്ടനും സുഹൃത്തും വഴികാട്ടിയുമായിരുന്നെന്നും വേണുവിന്‍റെ ഓർമകൾ എക്കാലവും മരിക്കാതെ തന്‍റെ മനസ്സിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കോമരം എന്ന സിനിമയിൽ ആദ്യമായി കണ്ട് മുട്ടിയത് മുതൽ ഏറ്റവുമൊടുവിൽ ഒരുമിച്ചഭിനയിച്ച പുഴു വരെയുള്ള സിനിമകളില്‍ അദ്ദേഹത്തോടൊപ്പമുള്ള ഓർമകൾ മമ്മൂട്ടി പങ്കു വച്ചു. പുതിയ കാഴ്ചകളിലേക്കും അറിവുകളിലേക്കും ലോകങ്ങളിലേക്കും തനിക്ക് വാതിൽ തുറന്ന് നൽകിയത് നെടുമുടി വേണുവായിരുന്നുവെന്നും അദ്ദേഹത്തോടൊപ്പമുള്ള കാലത്ത് വിരസതയെന്താണെന്ന് താനറിഞ്ഞിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. 1982 ൽ ഇരുവരും ഒരുമിച്ച് സംസ്ഥാന അവാർഡ് നേടിയതും ചെന്നൈയിലെ വേണുവിനൊപ്പമുള്ള സിനിമാക്കാലങ്ങളും ഷൂട്ടിങ് സെറ്റിൽ വേണുവിനൊപ്പമുള്ള അനുഭവങ്ങളും വൈകാരികമായാണ് മമ്മൂട്ടി പങ്കു വച്ചത്.
'എന്നും ആ വെളിച്ചമെന്‍റെ വഴികാട്ടിയായിരുന്നു. ഞാൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന രണ്ടു സിനിമയിലും ( ഭീഷ്മപർവ്വം, പുഴു) വേണു എന്‍റെ കൂടെ ഉണ്ടായിരുന്നു. ഇത്തവണയും ജന്മദിനത്തിന് സുശീലമ്മയുടെ കോടി മുണ്ടും കത്തും ഉണ്ടായിരുന്നു.അതു പോലെ എന്നെ ഓർക്കുകയും അനിയനെപ്പോലെ കരുതിക്കൊണ്ട് നടക്കുകയും ചെയ്തിരുന്ന എന്‍റെ ജേഷ്ടനാണ്, വഴികാട്ടിയായ സുഹൃത്താണ് , ശാസിച്ച അമ്മാവനാണ്. ഒരുപാടു സ്നേഹിച്ച അച്ഛനാണ്. അതിനപ്പുറത്ത് എനിക്കു വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവാത്ത എന്താെക്കെയോ ആണ് വേണു'. മമ്മൂട്ടി കുറിച്ചു