ഡോ.വന്ദനയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മമ്മൂട്ടി
|കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്‍റെ വീട്ടില്‍ നടന്‍ മമ്മൂട്ടിയെത്തി
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്‍റെ വീട്ടില്‍ നടന്‍ മമ്മൂട്ടിയെത്തി. വന്ദനയുടെ കുടുംബത്തെ അദ്ദേഹം ആശ്വസിപ്പിച്ചു. രാത്രി എട്ടരയോടെയാണ് മമ്മൂട്ടി വന്ദനയുടെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയത്. നടന്‍ രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്‍റോ ജോസഫും ഒപ്പമുണ്ടായിരുന്നു.
മകള്‍ പോയെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ വന്ദനയുടെ മാതാപിതാക്കൾക്കാവുന്നില്ല. ആ കണ്ണുനീര് കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിൽ രണ്ടരയോടെയായിരുന്നു സംസ്കാരം. വന്ദനയെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കം നിരവധി പേര്‍ വന്ദനയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തി. നിറകണ്ണുകളോടെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മടങ്ങിയത്. സഹപാഠികളും സഹപ്രവർത്തകരും നാട്ടുകാരും കണ്ണീരോടെ വന്ദനയെ യാത്രയാക്കി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പൊലീസ് പരിശോധനയ്ക്കെത്തിച്ച സന്ദീപ് എന്ന അധ്യാപകന്‍ വന്ദനയെ കുത്തിക്കൊന്നത്. കാലില്‍ പരിക്കേറ്റ നിലയിലാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍ മുറിവ് പരിശോധിച്ച ശേഷം എക്സ്റേ എടുക്കാൻ പോകുമ്പോള്‍ കൂടെ വന്ന ബന്ധുവിനെയാണ് സന്ദീപ് ഒരു പ്രകോപനവുമില്ലാതെ ആദ്യം ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിച്ചു. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന കത്രികയെടുത്താണ് സന്ദീപ് വന്ദനയെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അക്രമി വന്ദനയെ പിന്തുടർന്ന് കുത്തി. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.