കൊല്ലത്ത് ലഹരിവേട്ട; എം.ഡി.എം.എയുമായി എട്ടു പേര്‍ പിടിയില്‍
|ഇരവിപുരം സ്വദേശി ബാദുഷായാണ് 75 ഗ്രാം എം.ഡി.എമ്മുമായി അറസ്റ്റിലായത്
കൊല്ലം: കൊല്ലം നഗരത്തിൽ പൊലീസ് നടത്തിയ ലഹരിവേട്ടയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ഇരവിപുരം സ്വദേശി ബാദുഷായാണ് 75 ഗ്രാം എം.ഡി.എമ്മുമായി അറസ്റ്റിലായത്.
ജില്ലാ ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇരവിപുരം സ്വദേശിയായ ബാദുഷായെയാണ് പിടികൂടിയത്. പൊലീസിന്‍റെ യോദ്ധാവ് നമ്പറിലേക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ കേന്ദീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.
നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും പിടികൂടിയ ഇയാൾ അടിവസ്ത്രത്തിനുള്ളിലാണ് ലഹരി മരുന്ന് ഒളിപ്പിച്ചിരുന്നത്. ബെംഗളൂരുവിൽ നിന്നാണ് ഇയാൾ ലഹരി മരുന്ന് എത്തിച്ചിരുന്നത്. ചെറിയ പൊതികൾ ആകി ചില്ലറ കച്ചവടം നടത്തുന്നതായിരുന്നു ഇയാളുടെ രീതി എന്ന് കണ്ടെത്തി. കോളേജ് വിദ്യാർത്ഥികളായിരുന്നു ഇയാളുടെ ലക്ഷ്യം. കൊല്ലം പള്ളിമുക്കും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു കച്ചവടം. ഇയാളിൽ നിന്നും എം.ഡി.എ.എ വാങ്ങിയവരെ കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
അതേസമയം കൊല്ലം കരുനാഗപ്പള്ളിയിലും എംഡി എം എയുമായി ഏഴ് യുവാക്കൾ അറസ്റ്റിലായി. കരുനാഗപ്പള്ളിയിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ എക്സ്സൈസ് പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിൽ എക്സൈസിന്‍റെ നോട്ട് ടു ഡ്രക്സ് ക്യാമ്പയിനിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായത് . അയണിവേലിക്കുളങ്ങരയിൽ നടത്തിയ പരിശോധനയിൽ അഭിജിത്ത് ,അഭിരാജ്,പ്രണവ് എന്നിവർ പിടിയിലായി. തഴവ ഭാഗത്തുനിന്നും നവാസ്, ജിതിൻ , ബിൻ താലിഫ് , ഫൈസൽ എന്നിവരും പിടിയിലായി. 07.47 ഗ്രാം എം.ഡി.എം.എ യാണ് പിടിച്ചെടുത്തത്. ഇരുസ്ഥലങ്ങളിൽ നിന്നും വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.