ലോൺ ആപ്പുകാരുടെ ലിങ്കിൽ ക്ലിക്ക് ചെയ്തു; അമലിന്റെ ജീവനെടുത്തത് ഒന്നരലക്ഷത്തിന്റെ ലഭിക്കാത്ത വായ്പ
|പാറമടയിൽ അമലിന്റെ ഫോൺ നഷ്ടമായതിനാൽ തട്ടിപ്പു സംഘത്തിലേക്കെത്താൻ പൊലീസിനും കഴിഞ്ഞില്ല
കൊല്ലം: സമീപ കാലത്ത് കേരളത്തിൽ കൂട്ട ആത്മഹത്യകളുടെ വാർത്തകൾ പെരുകുകയാണ്. ഇതിൽ പലതിന്റെയും അന്വേഷണം ചെന്നെത്തിയത് ഓൺലൈൻ ലോൺ ആപ്പുകളുടെ കെണിയിലേക്കാണ്. ആളുകളുടെ അവസ്ഥ മുതലെടുത്താണ് ഈ ആപ്പുകൾ കെണിയൊരുക്കുന്നത്. നൂറുകണക്കിന് മലയാളികൾ ഇതിനകം വായ്പാ ആപ്പിൽ പെട്ടുകഴിഞ്ഞു.
ലോൺ ആപ്പുകാരുടെ ലിങ്കിൽ ക്ലിക്ക് ചെയ്തു പോയാൽ വായ്പ ലഭിച്ചില്ലെങ്കിലും പണം തിരിച്ചടക്കേണ്ടി വരും. ഇങ്ങനെ ലോൺ ആപ്പുകാരുടെ ഭീഷണിയിൽ കൊല്ലം കുന്നത്തൂരിലെ ഒരു യുവാവിന് ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടി വന്നു. ഒന്നരലക്ഷത്തിന്റെ ലഭിക്കാത്ത വായ്പയാണ് അമൽ എന്ന യുവാവിന്റെ ജീവിതം അവസാനിപ്പിച്ചത്.
2020 ജൂലൈ 17ന് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന അമൽ ജോലിക്ക് പോയതാണ്. പിന്നീട് വീടിനടുത്തെ പാറമടയിൽ അമലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയുടെ കാരണം അന്വേഷിച്ച പൊലീസാണ് ലോൺ ആപ്പുകാരുടെ കെണിയിൽ അമൽ കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞത്. ഒന്നരലക്ഷം രൂപ ലോൺ തരാമെന്ന വാഗ്ദാനത്തിൽ ലോൺ ആപ്പുകാരുടെ ലിങ്കിൽ ക്ലിക്ക് ചെയ്തെങ്കിലും അമലിന് വായ്പ ലഭിച്ചില്ല. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ലോൺ ആപ്പുകാരുടെ ഭീഷണി വന്നു. ഭീഷണി മാത്രമല്ല, അമലിന്റെ അക്കൗണ്ടിൽ നിന്ന് ഓരോ ആഴ്ചയും പണം നഷ്ടമായി തുടങ്ങി. പലരിൽ നിന്നായി കടം വാങ്ങിയ തുകയാണ് അമൽ തട്ടിപ്പുകാർക്ക് നൽകേണ്ടി വന്നത്.
കടം വാങ്ങിയ തുക മടക്കി നൽകാനാവാതെ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പാറമടയിൽ അമലിന്റെ ഫോൺ നഷ്ടമായതിനാൽ തട്ടിപ്പു സംഘത്തിലേക്കെത്താന് പൊലീസിനും കഴിഞ്ഞില്ല. ഡൽഹി കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് മാത്രമാണ് പൊലീസിന് കണ്ടെത്താനായത്. അറിവില്ലാതെ തട്ടിപ്പിൽ വീണുപോയാൽ അത് സ്വന്തമായി പരിഹരിക്കാൻ നിൽക്കാതെ കുടുംബത്തെയും പൊലീസിനെയും അറിയിക്കുക. പരിഹാരം കണ്ടെത്താൻ അവരും സഹായിക്കും ഓർക്കുക ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല.