ഒരു വർഷം മുമ്പ് നദിയിൽ വീണ ഐ.ഫോൺ തിരികെ കിട്ടി; യാതൊരു കേടുമില്ലാതെ...വിശ്വസിക്കാനാവാതെ ഉടമ
|ഫോണിന്റെ സ്‌ക്രീൻ സേവറിലെ ഫോട്ടോയാണ് ഉടമയെ തിരിച്ചറിയാൻ സഹായിച്ചത്
ലണ്ടൻ: കൈയിൽ നിന്നും നഷ്ടപ്പെട്ടുപോയ സാധനങ്ങൾ തിരിച്ചുകിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്നും കിട്ടിയാൽ തന്നെ ഉപയോഗശൂന്യമാകുമെന്നും കരുതിയതാണെങ്കിലോ..അപ്പോൾ സന്തോഷം ഇരട്ടിയാകും. അതുപോലൊരു സന്തോഷനിമിഷത്തിലാണ് യു.കെ സ്വദേശിയായ ഒവൈൻ ഡേവിസ്. സാധാരണ ഗതിയിൽ ഫോണുകൾ വെള്ളത്തിൽ വീണുപോയാൽ പിന്നെ തിരിച്ചുകിട്ടിയില്ലെങ്കിലും കാര്യമായ പ്രയോജനം ഉണ്ടാകില്ല.
ഒരു വർഷം മുമ്പാണ് ഒവൈൻ ഡേവിസിന്റെ ഐ.ഫോൺ നദിയിൽ വീണത്. ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്നും കിട്ടിയാൽ പ്രയോജനം ഇല്ലെന്നും കരുതിയ ഫോൺ തിരിച്ചുകിട്ടിയപ്പോൾ യുവാവ് പോലും ഞെട്ടി. കാരണം മറ്റൊന്നുമല്ല. വെള്ളത്തിൽ വീണിട്ടും ഫോണിന് യാതൊരു കേടുപാടുമുണ്ടായിരുന്നില്ല.
2021 ഓഗസ്റ്റിൽ ബാച്ചിലർ പാർട്ടിക്കിടെയായിരുന്നു ഒവൈൻ ഡേവിസിന് ഫോൺ നഷ്ടമാകുന്നത്. യുകെയിലുള്ള ഗ്ലൗസെസ്റ്റർഷെയറിലെ സിൻഡർഫോർഡിന് സമീപമുള്ള 'വൈ' നദിയിലേക്കാണ് ഡേവീസിന്റെ ഐഫോൺ-10 വീണത്. നദിയിലൂടെ സഞ്ചരിക്കുമ്പോൾ തോണി മറിയുകയും പോക്കറ്റിലുണ്ടായിരുന്ന ഫോൺ വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു. ഇനിയത് കിട്ടില്ലെന്ന് ഡേവിസും കരുതി.
10 മാസങ്ങൾക്ക് ശേഷം മറ്റൊരാൾക്ക് ഫോൺ കിട്ടുകയും അയാൾ വൃത്തിയാക്കുകയും രണ്ട് ദിവസത്തിന് ശേഷം ചാർജ് ചെയ്യുകയും ചെയ്തു. അപ്പോഴാണ് ഫോണിന് യാതൊരു പ്രശ്‌നവുമില്ലെന്ന് കണ്ടത്. ഫോൺ ഓണായപ്പോൾ അതിലെ സ്‌ക്രീൻ സേവറിൽ ഒവൈൻ ഡേവിസിന്റെയും പ്രതിശ്രുതവധു ഫിയോണ ഗാർഡ്‌നറുടെയും ഫോട്ടോ തെളിഞ്ഞു വന്നു. ഫോണിന്റെ യഥാർഥ ഉടമകളെ തിരിച്ചറിയാൻ വേണ്ടി ഇത് ഫോട്ടോയെടുത്ത് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആ പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. പല ഗ്രൂപ്പുകളിലും ആ ഫോട്ടോ പങ്കുവെച്ചിരുന്നു.
ഒടുവിൽ ആ ഫോട്ടോ ഒവൈൻ ഡേവിസിന്റെ സുഹൃത്തുക്കളുടെ അടുത്തും എത്തി.സോഷ്യൽമീഡിയയിൽ സജീവമല്ലാത്ത ഒവൈൻ ഡേവിസിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. തുടർന്നാണ് ഉടമയ്ക്ക് ഫോൺ തിരികെ ലഭിക്കുന്നത്. ഫോൺ ലഭിച്ചതിൽ വളരെ സന്തോഷമെന്നും ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ ഫോൺ യാതൊരു പ്രശ്‌നമില്ലാതെ കിട്ടിയതിൽ അതിലേറെ സന്തോഷമെന്നും ഒവൈൻ ഡേവിസിന്റെ പ്രതികരണം.