Kerala
passenger set fire to fellow passenger in alappuzha kanur express
Kerala

ട്രെയിനിൽ പെട്രോളൊഴിച്ച് തീ കൊളുത്തി: മൂന്ന് പേർ ട്രാക്കില്‍ മരിച്ച നിലയിൽ

Web Desk
|
3 April 2023 1:07 AM GMT

ട്രെയിനിൽ അക്രമം നടത്തിയ പ്രതിയെ കണ്ടെത്താനായില്ല.

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രികൻ സഹയാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് കാണാതായ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂരിലെ റെയിൽവെ ട്രാക്കിൽ രാത്രി ഒന്നരയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ട് വയസ്സുകാരി സഹ്‍റ, കണ്ണൂര്‍ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. ട്രെയിനിൽ അക്രമം നടത്തിയ പ്രതിയെ കണ്ടെത്താനായില്ല.

രാത്രി 9.30ഓടെയാണ് ആലപ്പുഴ - കണ്ണൂർ എക്സിക്യുട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിന്‍ എലത്തൂര്‍ പിന്നിട്ടപ്പോഴാണ് സംഭവം. ഒരു പ്രകോപനവുമില്ലാതെ പെട്ടെന്ന് അക്രമി പെട്രോളൊഴിക്കുകയായിരുന്നു. ഡി1 കമ്പാര്‍ട്ട്മെന്‍റിലാണ് അക്രമം നടന്നത്. തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങല വലിച്ചതോടെ കോരപ്പുഴ പാലത്തിനു മുകളില്‍ ട്രെയിന്‍ നിന്നു.

അഞ്ച് പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടന്നപ്പോള്‍ യാത്രക്കാര്‍ പരിഭ്രാന്തരായി പല കമ്പാര്‍ട്‍മെന്‍റുകളിലേക്കും ഓടിയിരുന്നു. പിന്നീടാണ് മൂന്നു പേരെ കാണാനില്ലെന്ന വിവരം വന്നത്. തീ കൊളുത്തിയപ്പോൾ ട്രെയിൻ നിർത്തിയ കോരപ്പുഴ പാലത്തിനും എലത്തൂർ റെയിൽവെ സ്റ്റേഷനും ഇടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തീ കൊളുത്തുന്നതുകണ്ട് ഭയന്ന് പുറത്തുചാടിയവരാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അക്രമിയുടേതെന്ന് കരുതുന്ന ഒരു ബാഗ് കണ്ടെത്തി. പകുതി ദ്രാവകമുള്ള കുപ്പിയും ബാഗിൽ ഉണ്ടായിരുന്നു. ടിഫിൻ കാരിയർ പോലുള്ള പാത്രവും കണ്ടെത്തിയതിനാൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ട്രെയിനിലെ രണ്ട് ബോഗികൾ സീല്‍ ചെയ്തു. ഇന്ന് രാവിലെ ഫോറൻസിക് പരിശോധന നടത്തും.

(തിരുത്ത്- മരിച്ച കുട്ടിയുടെ പേര് സഹല എന്നാണ് ആദ്യം ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം കൊടുത്തിരുന്നത്. പേര് സഹ്‍റ എന്നാണെന്ന് സ്ഥിരീകരിച്ചു)


Similar Posts