വിവാഹം മുടക്കി എന്നാരോപിച്ച് മധ്യവയസ്കനെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതായി പരാതി
|കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: വിവാഹം മുടക്കി എന്നാരോപിച്ച് മധ്യവയസ്കനെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതായി പരാതി. കേസിൽ മൂന്നു പേരെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി കുട്ട്യാലിയാണ് മർദനത്തിനിരയായത്.
കഴിഞ്ഞ മൂന്നാം തീയതി രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം.വിവാഹം മുടങ്ങിയെന്നാരോപിച്ച് ഹൃദ്രോഗിയായ കുട്ട്യാലിയെ അയൽവാസിയും മകനും ബന്ധുക്കളും ചേർന്ന് മർദിക്കുകയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.
പരാതിയിൽ ചെറുകുന്ന് സ്വദേശി തയ്യിൽ അബു മകൻ നാഫി, ബന്ധു ജാഫർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് കുടുംബം പരാതിയുമായി രംഗത്തുവന്നത് . സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.
അതേസമയം, തങ്ങളെ പൊതുവഴിയിൽ വച്ച് മർദിച്ചു എന്ന് ആരോപിച്ച് അബുവിന്റെ കുടുംബം നൽകിയ പരാതിയിൽ കുട്ട്യാലിയുടെ കുടുംബത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.