അടിയന്തര ലാൻഡിങ് കുടുക്കി; കരിപ്പൂർ വഴി സ്വർണം കടത്താൻ പദ്ധതിയിട്ടയാൾ നെടുമ്പാശേരിയിൽ പിടിയിൽ
|മലപ്പുറം സ്വദേശി സമദാണ് പിടിയിലായത്.
നെടുമ്പാശേരിയിൽ കഴിഞ്ഞ ദിവസം അടിയന്തരമായി ലാൻഡ് ചെയ്ത സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ സ്വർണക്കടത്തുകാരൻ പിടിയിൽ. മലപ്പുറം സ്വദേശി സമദാണ് പിടിയിലായത്. ഇയാളിൽ നിന്ന് 1,650 ഗ്രാം സ്വർണവും പിടിച്ചെടുത്തു. 70 ലക്ഷത്തോളം വിലവരുന്നതാണ് പിടിച്ചെടുത്ത സ്വർണം.
ജിദ്ദയിൽ നിന്ന് വന്ന വിമാനം അടിയന്തര ലാൻഡിങിന് ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കരിപ്പൂർ എത്തിക്കാനായിരുന്നു അധികൃതരുടെ പദ്ധതി. വിമാനം മാറിക്കയറും മുമ്പ് സുരക്ഷാ പരിശോധയുണ്ടെന്ന് മനസിലാക്കിയ സമദ് ശുചിമുറിയിൽ സ്വർണം ഉപേക്ഷിക്കാൻ ശ്രമിച്ചിരുന്നു.
ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സിഐഎസ്എഫ് ജീവനക്കാർ കസ്റ്റംസിനെ വിവരമറിയിക്കുകയായിരുന്നു. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സമദിൽ നിന്ന് സ്വർണം പിടിച്ചെടുത്തത്. കരിപ്പൂർ വഴി സ്വർണം കടത്താനുള്ള പദ്ധതിക്കിടെ അടിയന്തര ലാൻഡിങിനെ തുടർന്ന് അപ്രതീക്ഷിതമായി എറണാകുളത്ത് സുരക്ഷാപരിശോധന വന്നതാണ് സ്വർണക്കടത്ത് പാളാനുള്ള കാരണം. കസ്റ്റംസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.