മിനി ലോറി മോഷണം; ജാമ്യത്തിലിറങ്ങി മുങ്ങി, വർഷങ്ങൾക്ക് ശേഷം വീണ്ടും പിടിയിൽ
|മാവേലിക്കര വള്ളികുന്നം താളാടിക്കര ഭാഗത്ത് ഷജീർ മൻസിൽ വീട്ടിൽ ഷജീർ (44) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്
കോട്ടയം: നിരവധി മോഷണ കേസുകളിലെ പ്രതിയും,ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നതുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര വള്ളികുന്നം താളാടിക്കര ഭാഗത്ത് ഷജീർ മൻസിൽ വീട്ടിൽ ഷജീർ (44) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 2007ൽ മിനിലോറി മോഷ്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, പിന്നീട് കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നു.
തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ്മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്ക് വിവിധ ജില്ലകളിൽ മോഷണ കേസുകൾ നിലവിലുണ്ട്.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ ബേബി ജോൺ, സി.പി.ഓ മാരായ രാജേഷ് മോഹൻ, വിമൽ ബി.നായർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.