ചവറ്റുകുട്ടയിൽ തള്ളിയ ലോട്ടറി ടിക്കറ്റിന് 1 കോടി സമ്മാനം; ഇത് ഒരൊന്നൊന്നര ഭാഗ്യം !
|സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ സുനിലിനെ തേടി ഭാഗ്യമെത്തിയത്
കോട്ടയം: ചവറ്റുകുട്ടയിൽ തള്ളിയ ലോട്ടറി ടിക്കറ്റിന് ഒരു കോടി സമ്മാനം. കോട്ടയം മൂലവട്ടം സ്വദേശി സി.കെ സുനിൽ കുമാറാണ് ആ ഭാഗ്യവാൻ. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ സുനിലിനെ തേടി ഭാഗ്യമെത്തിയത്.
കഴിഞ്ഞ പതിനെട്ടിന് നറുക്കെടുത്ത 50-50 ലോട്ടറിക്കാണ് സമ്മാനമടിച്ചത്. ഇടക്ക് ലോട്ടറി ടിക്കറ്റ് എടുക്കാറുള്ള സുനിലും ഒരു ടിക്കറ്റ് എടുത്തിരുന്നു. പതിവുപോലെ ഫലം വന്നപ്പോൾ ചെറിയ സമ്മാനങ്ങൾ ഒത്തു നോക്കി. സമ്മാനമില്ലെന്ന് കണ്ട് ലോട്ടറി ചവറ്റുകുട്ടയിൽ ഇട്ടു. പിന്നെ സംഭവിച്ചത് സുനിൽ തന്നെ പറയും...
"50 രൂപയുടെ 50-50 ടിക്കറ്റ് ആണെടുത്തത്. 5000 രൂപയുടെ സമ്മാനം തൊട്ട് താഴേക്ക് നോക്കി. അതിലൊന്നും കണ്ടില്ല. പിന്നെ ഒന്നാം സമ്മാനം ആലപ്പുഴയിലാണല്ലോ... രണ്ടാം സമ്മാനം കൊല്ലത്തിനും... നമുക്കൊന്നും ഇല്ല എന്ന് വിചാരിച്ച് അപ്പൊ തന്നെ ടിക്കറ്റ് ചവറ്റുകൊട്ടയിലിട്ടു. പക്ഷേ പിന്നെയും എന്തോ ഒരു സംശയം തോന്നി ടിക്കറ്റ് ഒത്തുനോക്കിയപ്പോഴാണ് ഒന്നാം സമ്മാനം തന്നെയാണെന്നറിഞ്ഞത്. ടിക്കറ്റ് വലിച്ചു കീറി കളയുന്ന സ്വഭാവമില്ലാത്തത് ഗുണം ചെയ്തു".
വീടിൻ്റെ ബാധ്യതകൾ തീർക്കണം. പണയത്തിലുള്ള സ്വർണം തിരിച്ചെടുക്കണം- ഇതാണ് സുനിലിൻ്റെ ആഗ്രഹം. തുടർന്നും പ്ലാമൂട് ജംഗ്ഷനിൽ സ്നേഹയെന്ന ഓട്ടോറിക്ഷയുമായി താൻ ഉണ്ടാകുമെന്നും സുനിൽ.