Kerala
man writes memories with the imam who died in mundakai landslide wayanad
Kerala

'ശിഹാബേ, അമർത്തിയടച്ചിട്ടും അനുവാദമില്ലാതെ എന്റെ കണ്ണു നിറയുന്നെടാ...'- ദുരന്തത്തിൽ മരിച്ച പള്ളി ഇമാമിനെക്കുറിച്ച് ഉള്ളുലയ്ക്കുന്ന കുറിപ്പ്

Web Desk
|
31 July 2024 11:42 AM GMT

ശിഹാബ് ഫൈസിയുമായി അവസാനമായി കണ്ടപ്പോൾ നടത്തിയ സംഭാഷണവും അദ്ദേഹത്തിന്റെ വാക്കുകളുമൊക്കെ ഓർത്തെടുത്ത് അങ്ങേയറ്റത്തെ ഹൃദയ​വേദനയുടെ ​ഗദ്​ഗദത്താൽ കുറിക്കുന്ന വരികൾ.

മേപ്പാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ നിന്നും ഹൃദയഭേ​ദ​ക വാർത്തകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. നാട് ഉറങ്ങിയ രാവിൽ ഭീമാകാരമായ ഉരുൾപൊട്ടലിന്റെ രൂപത്തിൽ അപ്രതീക്ഷിതമായി ഒരു പ്രദേശമൊന്നാകെ കവർന്ന ദുരന്തത്തിൽ നിരവധി ജീവനുകൾക്കൊപ്പം ഒരു ജനതയുടെ ജീവിതവും കൂടിയാണ് ഒലിച്ചുപോയത്. ഒരുമിച്ചിരുന്ന് സൊറ പറഞ്ഞിരുന്ന കൂട്ടുകാരും വിശേഷങ്ങളും സ്വപ്നങ്ങളും പങ്കുവച്ച ശേഷം ഉറങ്ങാൻ കിടന്ന കുടുംബങ്ങളുമെല്ലാം പെട്ടെന്നൊരു നിമിഷം ഇല്ലാതായപ്പോൾ സ്നേഹനിധിയായ കുറെ മനുഷ്യരുടെ നാട് കൂടിയാണ് തുടച്ചുനീക്കപ്പെട്ടത്. അവരിലൊരാളായിരുന്നു മുണ്ടക്കൈ മസ്ജിദ് ഇമാം ശിഹാബ് ഫൈസി കയ്യൂന്നി.

പട്ടിക്കാട് ജാമിഅ നൂരിയ്യ പൂർവ വിദ്യാർഥിയായ ശിഹാബ് ഫൈസിയുടെ വേർപാടിനു പിന്നാലെ സുഹൃത്തും എഴുത്തുകാരനുമായ ലത്തീഫ് നെല്ലിച്ചോട് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഉള്ളുലയ്ക്കുന്നതും ആരുടേയും കണ്ണുനനയിക്കുന്നതുമാണ്. വയനാട്ടിലെത്തുമ്പോൾ വിരുന്നൂട്ടിയിരുന്ന ശിഹാബ് ഫൈസിയുമായി അവസാനമായി കണ്ടപ്പോൾ നടത്തിയ സംഭാഷണവും അദ്ദേഹത്തിന്റെ വാക്കുകളുമൊക്കെ ഓർത്തെടുത്ത് അങ്ങേയറ്റത്തെ ഹൃദയ​വേദനയുടെ ​ഗദ്​ഗദത്താൽ കുറിക്കുന്ന വരികൾ.

​'വയനാട്ടിലേക്ക് വെറുതെ വണ്ടിയോടിച്ച് വരുന്ന ദിനങ്ങളിൽ നെല്ലിച്ചോടേന്ന് വിളിച്ച് വിരുന്നൂട്ടാൻ ഇനി നീയില്ലല്ലോടാ' എന്നാണ് കുറിപ്പ് തുടങ്ങുന്നത്. മുണ്ടക്കൈ മസ്ജിദിന്റെ വരാന്തയിൽ വർത്തമാനം പറഞ്ഞിരുന്ന വൈകുന്നേരങ്ങളെ കുറിച്ചും നേരമിരുട്ടും മുമ്പ് ചുരമിറങ്ങണമെന്ന് വാശിപിടിക്കുമ്പോൾ ഇന്നിവിടെ കൂടാമെന്ന സ്നേഹ സൗഹൃദത്തിന്റെ സമ്മർദത്തെ കുറിച്ചും പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ പങ്കുവയ്ക്കലുകളെ കുറിച്ചും സമ്മാനമായി ലഭിച്ച അത്തർ കുപ്പികളെ കുറിച്ചുമൊക്കെ ലത്തീഫ് നെല്ലിച്ചോട് ഓർത്തെടുക്കുന്നു.

'ശിഹാബേ, അമർത്തിയടച്ചിട്ടും അനുവാദമില്ലാതെ എന്റെ കണ്ണു നിറയുന്നെടാ. കേട്ടത് സത്യാവരുതേന്ന് സുജൂദിൽ കിടന്ന് കരഞ്ഞു പറഞ്ഞിട്ടും പടച്ചോൻ കേട്ടില്ല. നിലമ്പൂരിലെ മോർച്ചറിയിൽ നീയുണ്ടെന്നറിഞ്ഞപ്പോ മരവിച്ചു പോയതാണ് ഞാൻ. അവസാനമായി കണ്ടപ്പോ തലയിലും താടി രോമങ്ങളിലും പടർന്ന വെള്ളി നൂലുകളെ നോക്കി നീ പറഞ്ഞില്ലേ. നെല്ലിച്ചോടും നരച്ചൂന്ന്. നാൽപത് കഴിഞ്ഞാ മനുഷ്യന്റെ മേനിക്ക് മയ്യത്തിന്റെ മണമാണെന്ന എന്റെ പ്രതികരണത്തിന് പ്രാർഥനയായിരുന്നല്ലോ നിന്റെ മറുപടി. അല്ലാഹു ആഫിയത്തുള്ള ആയുസ് തരട്ടേന്ന്. എന്നിട്ട് നീ ആദ്യമങ്ങ് പോയി. ദൂരേക്ക് നോക്കി നമ്മളാസ്വദിച്ച പ്രകൃതി തന്നെ നിന്നെ വിളിച്ചോണ്ട് പോയി'- കുറിപ്പിൽ പറയുന്നു.

'മഹല്ല് നിവാസികൾക്ക് ആദരണീയ പണ്ഡിതൻ. കുട്ടികൾക്ക് പ്രിയപ്പെട്ട ഉസ്താദ്. സൗമ്യത കൊണ്ട് ചേർത്തു പിടിക്കുന്ന സഹൃദയൻ. കല്ലും ചെളിയും വേരും മരവും കലർന്ന കലക്കു വെള്ളത്തിൽ ഒഴുകിയൊഴുകി മരണത്തെ പുണർന്നവനേ'- ലത്തീഫ് കുറിപ്പ് അവസാനിപ്പിക്കുന്നു...

ലത്തീഫ് നെല്ലിച്ചോടിന്റെ കുറിപ്പിന്റെ പൂർണരൂപം

വയനാട്ടിലേക്ക് വെറുതെ വണ്ടിയോടിച്ച് വരുന്ന ദിനങ്ങളിൽ നെല്ലിച്ചോടേന്ന് വിളിച്ച് വിരുന്നൂട്ടാൻ ഇനി നീയില്ലല്ലോടാ....

മുണ്ടക്കൈ മസ്ജിദിന്റെ വരാന്തയിൽ വർത്തമാനം പറഞ്ഞിരുന്ന വൈകുന്നേരങ്ങൾ.

നേരമിരുട്ടും മുമ്പ് ചുരമിറങ്ങണമെന്ന് വാശിപിടിക്കുമ്പോൾ ഇന്നിവിടെ കൂടാമെന്ന സ്നേഹ സൗഹൃദത്തിന്റെ സമ്മർദങ്ങൾ.....

പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ പങ്കുവെക്കലുകൾ.

നീ സമ്മാനമായി തന്ന അത്തർ കുപ്പികൾ.

നീ സമ്മാനമായി തന്ന അത്തർ കുപ്പികൾ.

വയനാട്ടുകാർ വേറിട്ട മനുഷ്യരാണ്. സ്‌നേഹക്കുളിരിന്റെ കോട കൊണ്ട് ഹൃദയം പൊതിയുന്നവർ.

ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ മറവിക്ക് വിട്ടു കൊടുക്കാത്ത വിധം സൗഹൃദം അപ്ഡേറ്റ് ചെയ്യുന്നവർ.

ഓര്ക്ക് വല്ലാത്തൊരു സ്നേഹാണ്. വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയാൽ പിന്നെ നമ്മളാ വീട്ടാരാണ്.

ശിഹാബെ.....

അമർത്തിയടച്ചിട്ടും അനുവാദമില്ലാതെ എന്റെ കണ്ണു നിറയുന്നെടാ....

കേട്ടത് സത്യാവരുതേന്ന് സുജൂദിൽ കിടന്ന് കരഞ്ഞു പറഞ്ഞിട്ടും പടച്ചോൻ കേട്ടില്ല.

നിലമ്പൂരിലെ മോർച്ചറിയിൽ നീയുണ്ടെന്നറിഞ്ഞപ്പോ മരവിച്ചു പോയതാണ് ഞാൻ.

അവസാനമായി കണ്ടപ്പോ തലയിലും, താടി രോമങ്ങളിലും പടർന്ന വെള്ളി നൂലുകളെ നോക്കി നീ പറഞ്ഞില്ലേ.... നെല്ലിച്ചോടും നരച്ചൂന്ന്.

നാല്പത് കഴിഞ്ഞാ മനുഷ്യന്റെ മേനിക്ക് മയ്യത്തിന്റെ മണമാണെന്ന എന്റെ പ്രതികരണത്തിന് പ്രാർത്ഥനയായിരുന്നല്ലോ നിന്റെ മറുപടി.

അല്ലാഹു ആഫിയത്തുള്ള ആയുസ് തരട്ടേന്ന്.

എന്നിട്ട് നീ ആദ്യമങ്ങ് പോയി. ദൂരേക്ക് നോക്കി നമ്മളാസ്വദിച്ച പ്രകൃതി തന്നെ നിന്നെ വിളിച്ചോണ്ട് പോയി.

ഇവിടെ ഇരുന്നാ നിനക്ക് കുറേ കവിത എഴുതാന്ന് ചായത്തോട്ടങ്ങളെ ചൂണ്ടി നീ പറഞ്ഞതും, ഈ നാടിന്റെ കുളിരു പോലെയാണ് എന്റെ അക്ഷരങ്ങളെന്ന് എന്റെ എഴുത്തിനെ പ്രശംസിച്ചതും, എന്താ ഇപ്പോ തീരെ എഴുതാത്തതെന്ന് പരിഭവപ്പെട്ടതും ഓർമ്മകൾ കലങ്ങി മറഞ്ഞൊഴുകുന്നു എന്നുള്ളിൽ.

മഹല്ല് നിവാസികൾക്ക് ആദരണീയ പണ്ഡിതൻ

കുട്ടികൾക്ക് പ്രിയപ്പെട്ട ഉസ്താദ്

സൗമ്യത കൊണ്ട് ചേർത്തു പിടിക്കുന്ന സഹൃദയൻ...

കല്ലും ചെളിയും വേരും മരവും കലർന്ന കലക്കു വെള്ളത്തിൽ ഒഴുകിയൊഴുകി മരണത്തെ പുണർന്നവനേ....

സ്വർഗലോകത്തെ അരുവികളുടെ തീരത്ത് വെച്ചെന്റെ കൂട്ടുകാരനെ കാണിച്ചു തരണേ റഹീമേ...



Similar Posts