Kerala
Man wrongfully jailed due to police error,wrongfully jailed,Ponnani Police ,Ponnani Police arrested innocent man,latest malayalam news,ആളുമാറി അറസ്റ്റ്,പൊന്നാനി അറസ്റ്റ്,
Kerala

പൊന്നാനിയിൽ ആളുമാറി അറസ്റ്റ്: മലപ്പുറം എസ്.പി റിപ്പോർട്ട് തേടി; മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് കുടുംബം

Web Desk
|
24 May 2024 4:06 AM GMT

വെളിയങ്കോട് സ്വദേശി അലുങ്ങൽ അബൂബക്കറാണ് യാതൊരു കാരണവുമില്ലാതെ നാലുദിവസം ജയിലിൽ കിടന്നത്

മലപ്പുറം: പൊന്നാനിയിൽ ആളുമാറി യുവാവിനെ അറസ്റ്റ് ചെയ്തതിൽ മലപ്പുറം എസ്.പി റിപ്പോർട്ട് തേടി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചതിനുശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

വെളിയങ്കോട് സ്വദേശി അലുങ്ങൽ അബൂബക്കറാണ് യാതൊരു കാരണവുമില്ലാതെ ജയിലിൽ കിടന്നത്. ബന്ധുക്കൾ കോടതിയെ സമീപിച്ചതോടെ യുവാവിനെ മോചിപ്പിച്ചു. വടക്കേ പുറത്ത് അബൂബക്കർ ചെലവിന് നൽകുന്നില്ലന്ന് കാണിച്ച് ഇയാളുടെ ഭാര്യ പരാതി നൽകിയിരുന്നു. തിരൂർ കുടുംബ കോടതിയിൽ നിന്നുള്ള വാറന്‍റ് നടപ്പാക്കാൻ എത്തിയ പൊന്നാനി പൊലീസാണ് ആളുമാറി ആലുങ്ങൽ അബൂബക്കറിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്.

ആലുങ്ങൽ അബൂബക്കറിന്റെ പേരിൽ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടു ഭാര്യ മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ആദ്യം ഈ കേസ് ആണെന്ന് കരുതിയെങ്കിലും പിന്നീട് വീട്ടു പേരിൽ മാറ്റമുണ്ടെന്നും പൊലീസ് ഉദ്ദേശിച്ച അബൂബക്കർ താനല്ലെന്നും പൊലീസിനോട് ആവർത്തിച്ചു പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.തന്നെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയായിരുന്നുവെന്ന് അബൂബക്കർ പറഞ്ഞു. കോടതിയിൽ ജീവനാംശം നൽകാനുള്ള തുകയില്ലെന്ന് അറിയിച്ചതോടെ ആറുമാസം തടവിന് ശിക്ഷിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് താൻ തവനൂർ ജയിലിൽ ജയിൽ ശിക്ഷ അനുഭവിച്ചതെന്നും ഇനി ഒരാൾക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകരുതെന്നും അബൂബക്കർ മീഡിയവണിനോട് പറഞ്ഞു

അതേസമയം, അബൂബക്കറിന്റെ ബന്ധുക്കളിൽ ചിലർ നടത്തിയ അന്വേഷണത്തിൽ യഥാർഥ പ്രതി മറ്റൊരു അബൂബക്കർ ആണെന്ന് മനസ്സിലാവുകയായിരുന്നു. തുടർന്ന് ഇവർ കോടതിയെ സമീപിച്ചു. ഇതോടെ കോടതിക്ക് കാര്യം മനസ്സിലാവുകയും ഇയാളെ മോചിപ്പിക്കുക്കാൻ ഉത്തരവിടുകയുമായിരുന്നു.

രണ്ട് അബൂബക്കർമാരുടെയും പിതാവിന്റെ പേര് ഒന്നായതാണ് ആശയക്കുഴപ്പമുണ്ടാക്കിയത് എന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവരെ സമീപിക്കാൻ ഒരുങ്ങുകയാണ് അബൂബക്കറിന്റെ ബന്ധുക്കൾ.


Similar Posts