മാനസ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
|രഖിലിന് തോക്ക് നൽകിയ ബീഹാർ സ്വദേശി സോനു കുമാർ, ഇടനിലക്കാരനായ ബർസാദ് സ്വദേശി മനീഷ് കുമാർ വർമ്മ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.
കോതമംഗലം നെല്ലിക്കുഴിയില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവച്ചു കൊന്ന കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രഖിലിന് തോക്ക് നൽകിയ ബീഹാർ സ്വദേശി സോനു കുമാർ, ഇടനിലക്കാരനായ ബർസാദ് സ്വദേശി മനീഷ് കുമാർ വർമ്മ എന്നിവരെയാണ് കോതമംഗലം കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. നിലവില്‍ രഖിലിന്റെ സുഹൃത്തുക്കളില്‍നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യുക. അതേസമയം, രഖില്‍ ഉപയോഗിച്ച തോക്ക് ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. തോക്കിലെ വിരലടയാളം രഖിലിന്റേതു തന്നെയാണെന്ന് തെളിയിക്കാനുള്ള 'ഹാന്‍ഡ് വാഷ്' പരിശോധനയ്ക്കാണ് അയച്ചത്.
ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡെന്റൽ കോളജ് വിദ്യാർഥിനിയായ മാനസയെ രഖിൽ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രഖിലും ആത്മഹത്യ ചെയ്തു. ബംഗളൂരുവിൽ എം.ബി.എ പഠിച്ച് ഇന്റീരിയർ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രഖിൽ.