Kerala
മാനസ കൊലപാതകം; രഖിലിന് തോക്ക് നല്‍കിയയാളെ ബിഹാറില്‍ നിന്നും പിടികൂടി
Kerala

മാനസ കൊലപാതകം; രഖിലിന് തോക്ക് നല്‍കിയയാളെ ബിഹാറില്‍ നിന്നും പിടികൂടി

Web Desk
|
7 Aug 2021 3:31 AM GMT

ബിഹാർ മുൻഗർ സ്വദേശി സോനു കുമാർ മോദിയാണ് അറസ്റ്റിലായത്

കോതമംഗലത്ത് ഡെന്‍റല്‍ കോളജ് വിദ്യാർഥിനി മാനസയെ വെടിവച്ച് കൊന്ന രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശിയെ പൊലീസ് പിടികൂടി. നിയമവിരുദ്ധമായി തോക്കുവിൽപന നടത്തുന്ന സംഘത്തിൽപെട്ട സോനുകുമാർ മോദിയെന്നയാളാണ് അറസ്റ്റിലായത്. ഇയാളെ നാളെ കൊച്ചിയിലെത്തിക്കും.

ബിഹാർ പൊലീസിന്‍റെ സഹായത്തോടെയാണ് കോതമംഗലം പൊലീസ് പ്രതിയെ പിടികൂടിയത്. പോലീസിനെ സോനുവിനോപ്പം ഉണ്ടായിരുന്ന സംഘം ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് വെടിയുതിർത്തതോടെ സംഘം കടന്നു കളഞ്ഞു. ബീഹാറിൽ തോക്ക് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സോനു എന്നാണ് വിവരം. സോനു കുമാറിനെ ഇന്നലെ രാവിലെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോതമംഗലം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ട്രാൻസിറ്റ് വാറന്‍റ് അനുവദിച്ചു. സോനുവുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. ഇയാളെ നാളെ കൊച്ചിയിൽ എത്തിക്കും.

തോക്ക് വാങ്ങാൻ അറുപതിനായിരം രൂപയാണ് ഇയാൾക്ക് രഖിൽ നൽകിയതെന്നാണ് വിവരം. ഈ തോക്ക് ഉപയോഗിച്ചാണ് മനസയെ കൊലപ്പെടുത്തിയതും രഖിൽ ആത്മഹത്യ ചെയ്തതും. രഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബർ ടാക്സി ഡ്രൈവറെ കേരള പൊലീസ് തിരയുന്നുണ്ട്. രഖിലിന്‍റെ സുഹൃത്തില്‍ നിന്നാണു പൊലീസിനു തോക്ക് നല്‍കിയ ആളെക്കുറിച്ച് വിവരം ലഭിച്ചത്.

ജൂലൈ 30നാണ് കേരളത്തെ നടുക്കിയ കൊലപാതകമുണ്ടായത്. കോതമംഗലം നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്‍റല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ മാനസയെ കണ്ണൂര്‍ സ്വദേശിയെ രഖില്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം രഖിലും സ്വയം ജീവനൊടുക്കി. മാനസ താമസിച്ച ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് രഖില്‍ വെടിയുതിര്‍ത്തത്.



Similar Posts