മംഗളൂരു സ്ഫോടന കേസ് പ്രതിയുടെ കേരള ബന്ധത്തിൽ വ്യക്തത വരുത്താൻ കൂടുതൽ പേരെ ചോദ്യം ചെയ്യും
|കേന്ദ്ര ഇന്റലിജൻസ് ഏജൻസി, തീവ്രവാദ വിരുദ്ധ വിഭാഗം, സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എന്നിവ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്
മംഗളൂരു: മംഗളൂരു സ്ഫോടന കേസിലെ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിൽ വ്യക്തത വരുത്താൻ കൂടുതൽ പേരെ ചോദ്യം ചെയ്യും. കേന്ദ്ര ഇന്റലിജൻസ് ഏജൻസി, തീവ്രവാദ വിരുദ്ധ വിഭാഗം, സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എന്നിവ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. പ്രതി മുഹമ്മദ് ഷാരിഖിനു ആലുവയിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് വിശദമായ അന്വേഷണം. ഷാരിഖിനു പ്രാദേശിക സഹായം ലഭിച്ചുവെന്ന് തെളിയിക്കുന്ന വിവരങ്ങൾ ഇതുവരെ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ സെപ്തംബറിൽ അഞ്ചു ദിവസമാണ് ഷാരിഖ് ആലുവയിലെ ലോഡ്ജിൽ താമസിച്ചത്.
സെപ്തംബർ 13 മുതൽ 18 വരെയാണ് ഷാരിഖ് ആലുവയിൽ താമസിച്ചത്. ആലുവ ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ വ്യാജ പേരിലാണ് ഇയാൾ താമസിച്ചതെന്നും അന്വേഷണ സംഘം അറിയിച്ചു. കേസിൽ കർണാടകയിലും തമിഴ്നാട്ടിലുമായി അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.
മംഗളൂരു സ്ഫോടന കേസ് പ്രതി മുഹമ്മദ് ഷാരിഖ് കഴിഞ്ഞ സെപ്തംബറില്‍ ആലുവയില്‍ എത്തിയെന്ന വിവരമാണ് കര്‍ണാടകയിലെ അന്വേഷണ സംഘം കേരള പൊലീസിന് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയും തീവ്രവാദ വിരുദ്ധ വിഭാഗവും സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സെപ്തംബര്‍ 13നാണ് ഷാരിഖ് കര്‍ണാടകയില്‍ നിന്നും ആലുവയില്‍ എത്തിയത്. തുടര്‍ന്ന് ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുളള ലോഡ്ജില്‍ 18ആം തിയ്യതി വരെ താമസിച്ചു. പിന്നീട് തമിഴ്നാട്ടിലേക്ക് പോയെന്നും അന്വേഷണ സംഘം പറയുന്നു. വ്യാജ പേരിലാണ് ഷാരിഖ് ലോഡ്ജില്‍ മുറി എടുത്തത്. എന്നാല്‍ ഇയാള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതിന് ഇതുവരെ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നും അന്വേഷണ സംഘം കൂട്ടിച്ചേര്‍ത്തു.