Kerala
മംഗളൂരു സ്ഫോടനക്കേസ് പ്രതി കേരളത്തിലുമെത്തി; ആലുവ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതം
Kerala

മംഗളൂരു സ്ഫോടനക്കേസ് പ്രതി കേരളത്തിലുമെത്തി; ആലുവ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതം

Web Desk
|
22 Nov 2022 1:30 AM GMT

കഴിഞ്ഞ മൂന്നു മാസത്തിനിടെ ആലുവയിലെ ലോഡ്ജുകളിൽ താമസിച്ചവരുടെ വിവരങ്ങൾ തീവ്രവാദ വിരുദ്ധ വിഭാഗം ശേഖരിക്കുന്നുണ്ട്.

മംഗളൂരു: മംഗളൂരു സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരീഖ് കേരളത്തിൽ എത്തിയിരുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആലുവ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി തീവ്രവാദ വിരുദ്ധ വിഭാഗം. കഴിഞ്ഞ മൂന്നു മാസത്തിനിടെ ആലുവയിലെ ലോഡ്ജുകളിൽ താമസിച്ചവരുടെ വിവരങ്ങൾ തീവ്രവാദ വിരുദ്ധ വിഭാഗം ശേഖരിക്കുന്നുണ്ട്. ഷാരിഖിനു കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും എ.ടി.എസ് അന്വേഷിക്കുന്നുണ്ട്.

മംഗളൂരു ഓട്ടോ സ്ഫോടന കേസ് പ്രതി മുഹമ്മദ് ഷാരീഖ് കഴിഞ്ഞ സെപ്റ്റംബറിൽ ആലുവയിൽ എത്തിയിരുന്നു എന്ന വിവരമാണ് കർണാടകയിലെ അന്വേഷണസംഘം കേരള പൊലീസിന് നൽകിയിരുന്നത്. തുടർന്ന് കേരള പൊലീസിന്‍റെ തീവ്രവാദ വിരുദ്ധവിഭാഗം മംഗളൂരുവിൽ എത്തി വിശദ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആലുവ കേന്ദ്രീകരിച്ചുള്ള അന്വേഷണം ശക്തമാക്കിയത്. ആലുവയിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് മുഖ്യപരിശോധന. കഴിഞ്ഞ മൂന്നു മാസത്തിനിടെ ലോഡ്ജുകളിൽ താമസിച്ച മുഴുവൻ പേരുടെയും വിവരങ്ങൾ തീവ്രവാദ വിരുദ്ധ വിഭാഗം ശേഖരിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ വിഭാഗത്തിന് പുറമേ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.

മുഹമ്മദ് ഷാരീഖ് വ്യാജപ്പേരിലാണ് ആലുവയിൽ താമസിച്ചതെന്ന സംശയവും അന്വേഷണസംഘങ്ങൾക്ക് ഉണ്ട്. അതിനാൽ ഇക്കാര്യത്തിലും വിശദമായ പരിശോധനകളാണ് നടക്കുന്നത്. പ്രാദേശികമായി പിന്തുണ ലഭിക്കാതെ മുഹമ്മദ് ഷാരീഖ് ദിവസങ്ങളോളം ആലുവയിൽ കഴിയില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘങ്ങൾ. അതിനാൽ ഇയാൾക്ക് കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതീവ രഹസ്യമായിട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.

Similar Posts