Kerala
Mannar Kala murder,Kala murder case,latest malayalam news,കലകൊലപാതകം,മാന്നാര്‍ കൊലപാതകം,ആലപ്പുഴ കൊലപാതകം
Kerala

'കലയെ അവസാനമായി കണ്ടത് കൊച്ചിയില്‍വെച്ച്, ബന്ധം അവസാനിപ്പിച്ചിരുന്നു'; മുൻ ആൺസുഹൃത്തിന്‍റെ മൊഴി

Web Desk
|
4 July 2024 4:50 AM GMT

കലയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും ഭീഷണി നേരിട്ടിരുന്നുവെന്നും മൊഴി

ആലപ്പുഴ: മാന്നാറിൽ കൊല്ലപ്പെട്ട കലയെ അവസാനമായി കണ്ടത് എറണാകുളത്ത് വെച്ചാണെന്നാണ് മുൻ ആൺസുഹൃത്തിന്‍റെ മൊഴി. കലയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. കലയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും ഭീഷണി നേരിട്ടിരുന്നുവെന്നും സുഹൃത്ത് മൊഴി നൽകി.

'മാന്നാറിലെ വീട്ടിൽ നിന്ന് പോയ ശേഷം കല ജോലി ചെയ്തത് എറണാകുളത്തെ വസ്ത്രശാലയിലായിരുന്നു. ഒരു തവണ മാത്രമാണ് എറണാകുളത്തെ ജോലി സ്ഥലത്ത് എത്തി കലയെ കണ്ടത്. പിന്നീട് കണ്ടിട്ടില്ല.താൻ പിന്നീട് വിദേശത്തായിരുന്നു'. തുടങ്ങിയ വിവരങ്ങളാണ് സുഹൃത്ത് പൊലീസിന് നല്‍കിയതെന്നാണ് വിവരം.

അതേസമയം, അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. തെളിവെടുപ്പും ഇന്ന് നടന്നേക്കും. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. കേസിലെ ഒന്നാം പ്രതിയും കലയുടെ ഭര്‍ത്താവുമായ അനിൽ ഇസ്രായേലിൽ ആശുപത്രിയിലാണെന്നാണ് സൂചന. രക്തസമ്മർദം കൂടിയെന്നും മൂക്കിൽ നിന്ന് രക്തം വന്നെന്നുമാണ് വിവരം.ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാർ വിവരം കുടുംബത്തെ അറിയിച്ചതാണ് വിവരം. അനിൽ സ്വയം നാട്ടിലെത്തിയില്ലെങ്കിൽ, നാട്ടിലെത്തിക്കാൻ ഒട്ടേറെ കടമ്പകളുണ്ട്. അനിൽകുമാറിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതികളുടെ ആറ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയും മുമ്പ് നാട്ടിലെത്തിക്കാനാണ് പൊലീസ് നീക്കം.

കലയുടെ മൃതദേഹം കുഴിച്ചു മൂടിയത് എവിടെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ രാസപരിശോധന ഫലം ലഭിച്ചെങ്കിൽ മാത്രമേ കലയുടെ മൃതദേഹം ഇവിടെയാണ് കുഴിച്ചു മൂടിയതെന്ന് സ്ഥിരീകരിക്കാനാകൂ. ജിനു, സോമൻ, പ്രമോദ് എന്നീ പ്രതികളാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു. കൊല നടത്തിയ സ്ഥലം കാണിച്ചുതരാമെന്ന് രണ്ടാം പ്രതി പൊലീസിനോട് പറഞ്ഞു. വലിയ പെരുമ്പുഴ പാലത്തിൽ കാറിനകത്തു വച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. മുഖ്യസാക്ഷിയായ സുരേഷ്കുമാറാണ് പരാതിക്കാരനെന്നും ഇയാളാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Similar Posts