Kerala
Mannar murder,latest malayalam news,മാന്നാര്‍ കൊലപാതകം,കലയുടെ കൊലപാതകം,അനില്‍
Kerala

മാന്നാർ കല കൊലപാതക കേസ്: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Web Desk
|
3 July 2024 12:44 AM GMT

വിദേശത്തുള്ള ഭർത്താവിനെ നാട്ടിലെത്തിക്കാൻ പൊലീസ് നീക്കം

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം കൊലപാതകത്തിൽ നേരിട്ടും അല്ലാതെയും പങ്കുള്ളവരാണ് കസ്റ്റഡിയിലുള്ളത്.ഇവരെ വിശദമായി ചോദ്യം ചെയ്യും.

അനിൽകുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ മൃതദേഹം കലയുടേതാണോ എന്ന കാര്യത്തിൽ വ്യക്തത വരൂ. കലയുടെ ഭർത്താവ് അനിലിനെ ഒന്നാം പ്രതിയാക്കി എഫ്.‌ഐ.ആർ രജിസ്റ്റർ ചെയ്തു. ഇസ്രായേലിലുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

നാല് പ്രതികളാണ് കേസിലുള്ളത്. ജിനു, സോമൻ, പ്രമോദ് എന്നിവരാണ് 2,3,4 പ്രതികൾ. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൊല നടത്തിയത്. പ്രതികൾ മൃതദേഹം മറവ് ചെയ്ത് തെളിവുകൾ നശിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

2008ലാണ് കലയെ കാണാതായത്. എങ്ങനെയാണ് കലയെ കൊന്നതെന്നും എന്തിന് വേണ്ടിയായിരുന്നു എന്നും ഭർത്താവ് അനിൽ നാട്ടിലെത്തിയാൽ മാത്രമേ ഉറപ്പിച്ച് പറയാൻ കഴിയൂ എന്ന് പൊലീസ് പറയുന്നു. വ്യക്തിപരമായ കാരണങ്ങൾ തന്നെയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കല കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊന്നുകുഴിച്ചുമൂടിയെന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ മാവേലിക്കര മാന്നാറിലെ ഇലമന്നൂരിലെ അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയിൽ കലയുടെ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ ലഭിച്ചിരുന്നു. ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ ഇത് കലയുടേതെന്ന് സ്ഥിരീകരിക്കാനാകൂ. മൃതദേഹം കുഴിച്ചിട്ടപ്പോൾ രാസവസ്‌തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്.

സംഭവത്തിൽ കലയുടെ ഭർത്താവ് അനിൽ കുമാറിന്റെ സഹോദരീഭർത്താവ് അടക്കം അഞ്ചുപേർ പൊലീസ് കസ്റ്റഡിയിലാണ്. സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അനിലും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്ന് ഇവർ പൊലീസിന് മൊഴിനൽകിയിരുന്നു.

Similar Posts