Kerala
വേദി വിട്ട് ഇറങ്ങേണ്ടിവരികയെന്നാല്‍ കലാകാരിയെ കൊല്ലുന്നതിന് തുല്യം: മതമില്ലാത്ത വേദിയില്‍ നൃത്തം ചെയ്ത് മന്‍സിയ
Kerala

'വേദി വിട്ട് ഇറങ്ങേണ്ടിവരികയെന്നാല്‍ കലാകാരിയെ കൊല്ലുന്നതിന് തുല്യം': മതമില്ലാത്ത വേദിയില്‍ നൃത്തം ചെയ്ത് മന്‍സിയ

Web Desk
|
12 April 2022 5:39 AM GMT

'കലയ്ക്ക് മതമില്ല, പാടുന്നോര്‍ പാടട്ടെ ആടുന്നോര്‍ ആടട്ടെ എന്ന പേരില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയിലാണ് മന്‍സിയ നൃത്തം അവതരിപ്പിച്ചത്

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ അഹിന്ദുവാണെന്ന് പറഞ്ഞ് വേദി നിഷേധിക്കപ്പെട്ട നര്‍ത്തകിയാണ് മന്‍സിയ. ഇരിങ്ങാലക്കുടയില്‍ തന്നെ മറ്റൊരു വേദിയില്‍ മന്‍സിയ നൃത്തം അവതരിപ്പിച്ചു. 'കലയ്ക്ക് മതമില്ല, പാടുന്നോര്‍ പാടട്ടെ ആടുന്നോര്‍ ആടട്ടെ എന്ന പേരില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയിലാണ് മന്‍സിയ നൃത്തം അവതരിപ്പിച്ചത്.

"കലാകാരിക്ക് വേദി വിട്ട് പോരുക എന്നത് വളരെ സങ്കടമുള്ള കാര്യമാണ്. കാരണമില്ലാതെ സ്റ്റേജ് വിട്ടിറങ്ങേണ്ടിവരിക എന്നത് ഞങ്ങളെ കൊല്ലുന്നതിനു തുല്യമാണ്. ഒരുപാടു പേര്‍ എനിക്കൊപ്പം ഇറങ്ങിപ്പോന്നു. പുതിയ തലമുറയിലെ ആളുകളില്‍ നല്ല പ്രതീക്ഷയുണ്ട്. മറ്റു മതസ്ഥരെ ശാസ്ത്രീയനൃത്തം അഭ്യസിപ്പിക്കരുത് എന്ന് പരസ്യമായി പറഞ്ഞവരുമുണ്ട്. എന്നാല്‍ എതിര്‍ക്കുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മളെ കൂട്ടിപ്പിടിക്കാനുണ്ട്. അതുകൊണ്ടാണ് മന്‍സിയ ഇപ്പോഴും കലാകാരിയായി തുടരുന്നത്. മതില്‍ക്കെട്ടില്ലാതെ എല്ലാവര്‍ക്കുമായി വേദി തുറന്നുകൊടുക്കുന്ന സമയത്ത് വേറൊന്നും നോല്‍ക്കാതെ ഞാന്‍ കൂടല്‍മാണിക്യത്തിലേക്ക് ഓടിവരും"- മന്‍സിയ പറഞ്ഞു.

കലാമനസ്സുകള്‍ക്കിടയില്‍ മതിലുകള്‍ കെട്ടാനല്ല, പാലങ്ങള്‍ കെട്ടാനാണ് ശ്രമിക്കേണ്ടതെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍, കവി പി.എന്‍. ഗോപീകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, എഴുത്തുകാരി രേണു രാമനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

Related Tags :
Similar Posts