മനുവിന്‍റെ മൃതദേഹം വീട്ടുകാർ ഏറ്റെടുത്തു; മെഡിക്കൽ കോളജിൽ വെച്ച് അന്തിമോപചാരമർപ്പിക്കാൻ ജെബിന് ഹൈക്കോടതിയുടെ അനുമതി
|മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോപചാരമർപ്പിക്കാനും അനുവദിക്കണമെന്ന് ജെബിൻ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാനാണ് കോടതി നിർദേശിച്ചത്
കൊച്ചി: മരിച്ച ക്വീർ വ്യക്തിയായ മനുവിന്‍റെ മൃതദേഹം വീട്ടുകാർ ഏറ്റെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും. കളമശേരി മെഡിക്കൽ കോളജിൽ വെച്ച് അന്തിമോപചാരമർപ്പിക്കാൻ മനുവിന്‍റെ ഗേ പങ്കാളിയായ ജെബിന് ഹൈക്കോടതി അനുമതി നൽകി.
മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോപചാരമർപ്പിക്കാനും അനുവദിക്കണമെന്ന് ജെബിൻ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാനാണ് കോടതി നിർദേശിച്ചത്.
ഗേ ദമ്പതികളായ മനുവും ജെബിനും ഒരു കൊല്ലത്തോളമായി ഒരുമിച്ച് ജീവിച്ച് വരികയാണ്. ഇതിനിടെയാണ് വീടിന്‍റെ ടെറസിൽ നിന്നും വീണ് ചികിത്സയിലായിരുന്ന ജെബിൻ മരിക്കുന്നത്. ഗേ വിവാഹം നിയമപരമല്ലാത്തതിനാൽ അനന്തരാവകാശിയായി ജെബിനെ കണക്കാക്കാനാകില്ലെന്നും അതിനാൽ മൃതദേഹം വിട്ടുനൽകാൻ കഴിയില്ലെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.
എന്നാൽ മനുവിന്‍റെ വീട്ടുകാർ ആശുപത്രിയിലെത്തി ആശുപത്രി ചെലവുകള്‍ വഹിക്കാനും മൃതദേഹം ഏറ്റെടുക്കാനും തയാറല്ലെന്ന് അറിയിച്ചതോടെയാണ് ജെബിൻ കോടതിയിലെത്തുന്നത്. തന്‍റെ പങ്കാളിയുടെ മൃതദേഹം മോർച്ചറിയിൽ ഉപേക്ഷിക്കാനാകില്ലെന്നും തന്‍റെ കയ്യിലുള്ള പണമടക്കാൻ തയാറാണെന്നും തന്നെ അനനന്തരാവകാശിയായി കണക്കാക്കി മൃതദേഹം തനിക്ക് വിട്ട് നൽകണമെന്നുമായിരുന്നു ജെബിന്‍റെ ആവശ്യം. കേരളത്തിൽ വിവാഹിതരായ മൂന്നാമത്തെ ഗേ ദമ്പതികളാണ് മനുവും ജെബിനും.