പറക്കാൻ തുടങ്ങിയില്ല സാറേ, ചിറകരിഞ്ഞ് കളഞ്ഞല്ലോ..; ജീവനെടുത്ത് വികസനം
|60ലേറെ പക്ഷി കുഞ്ഞുങ്ങളും 30ലേറെ തള്ളപ്പക്ഷികളുമാണ് ഇവിടെ ചത്തൊടുങ്ങിയത്
തിരൂരങ്ങാടി: ചിറക് മുളച്ചിട്ടില്ല, അമ്മയോട് പറ്റിച്ചേർന്ന് കിടക്കുകയാണ് കുഞ്ഞുങ്ങൾ. തിരൂരങ്ങാടിയിലെ വികെ പടി അങ്ങാടിക്ക് സമീപത്ത് കൂടി പോകുന്നവർക്ക് ഒന്നിൽ കൂടുതൽ തവണ ഈ ഭാഗത്തേക്ക് നോക്കാൻ സാധിക്കില്ല. ഹൈവേ വികസനത്തിന്റെ പേരിൽ അധികൃതർ ചിറകരിഞ്ഞിട്ടത് നിരവധി ജീവനുകളാണ്.
ദേശീയപാത വീതി കൂട്ടുന്നതിന്റെ ഭാഗമായി റോഡരികിലെ മരങ്ങൾ മുറിക്കുന്നത് സമീപവാസികൾ അറിഞ്ഞിരിക്കണം. എന്നാൽ, മുൻകൂർ നോട്ടീസ് ലഭിക്കാത്ത ചില സ്ഥിര താമസക്കാരും ഇവിടെയുണ്ടായിരുന്നു. കുഞ്ഞുങ്ങളടക്കം വലിയൊരു കുടുംബമായി തന്നെയാണ് അവർ താമസിച്ചിരുന്നത്. നാട് വികസിപ്പിക്കാൻ വന്നവർ തൊട്ടടുത്ത നിമിഷം തങ്ങളുടെ ജീവനെടുക്കുമെന്ന് അവരും പ്രതീക്ഷിച്ച് കാണില്ല.
വികെ പടി അങ്ങാടിയിൽ വെട്ടിയിട്ട മരങ്ങൾക്കൊപ്പം താഴേക്ക് വീണത് നൂറുകണക്കിന് പക്ഷികളാണ്. മരം വെട്ടി തുടങ്ങിയപ്പോൾ തന്നെ പക്ഷികൾ പറന്ന് പോയിരുന്നു. അതിന് കഴിയാതെ പോയവരിൽ ചിലർ ഒടിഞ്ഞുവീണ ചില്ലകൾക്കിടയിൽ പെട്ട് ജീവൻ വെടിഞ്ഞു. കൂടുതലും പക്ഷിക്കുഞ്ഞുങ്ങളായിരുന്നു. കണ്ണ് പോലും വിരിയാത്ത കുഞ്ഞുങ്ങൾ കൂടിനൊപ്പമാണ് താഴേക്ക് വീണത്. 60ലേറെ പക്ഷി കുഞ്ഞുങ്ങളും 30ലേറെ തള്ളപ്പക്ഷികളുമാണ് ഇവിടെ ചത്തൊടുങ്ങിയത്.
ദയനീയമായി നോക്കി നിൽക്കാൻ മാത്രമേ രക്ഷപെട്ട അമ്മപ്പക്ഷികൾക്ക് കഴിഞ്ഞുള്ളൂ. റോഡരികിൽ കൂട്ടിയിട്ട പക്ഷിക്കുഞ്ഞുങ്ങളുടെ ചുറ്റും ഇപ്പോഴും ചില പക്ഷികൾ വട്ടമിട്ട് പറക്കുന്നുണ്ട്. അവയും ചോദിക്കുന്നുണ്ടാകണം, ജീവനെടുത്ത് വേണമായിരുന്നോ സാറേ വികസനം?