75 വയസ് പ്രായപരിധി; പിബിയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്നും ഒഴിയുന്നത് നിരവധി നേതാക്കള്‍
|യുവാക്കളും വനിതകളും നേതൃനിരയിലേക്ക് വന്നേക്കും
കണ്ണൂര്‍: പാർട്ടി കോൺഗ്രസോടെ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും കാര്യമായ മാറ്റങ്ങളുണ്ടാകും. പ്രായപരിധി കർശനമാക്കിയതോടെ കേരളത്തിൽ നിന്നുള്ള ചില നേതാക്കൾ ഒഴിവാക്കപ്പെടും. യുവാക്കളും വനിതകളും നേതൃനിരയിലേക്ക് വന്നേക്കും.
75 വയസ് പ്രായപരിധി കർശനമാക്കിയതോടെ പിബിയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്നും നിരവധി നേതാക്കളാണ് ഒഴിയുന്നത്. എസ്.രാമചന്ദ്രൻ പിള്ള ഒഴിയുന്നതോടെ കേരളത്തിൽ നിന്നും മറ്റൊരാൾ പിബിയിലെത്തും. എ.വിജയരാഘവന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. ദലിത് പ്രാതിനിധ്യം കൊണ്ടുവരാൻ തീരുമാനിച്ചാൽ എ.കെ ബാലനും സാധ്യത ഉണ്ട്. ബംഗാളിൽ നിന്നുള്ള ഹനൻ മുള്ള പിബിയിൽ നിന്നൊഴിയും. സി.ഐ.ടി.യു പ്രാതിനിധ്യം എളമരം കരീമിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്.
തെലങ്കാനയിൽ നിന്നുള്ള സി.ഐ.ടി.യു നേതാവ് വീരയ്യയുടെ പേരും പരിഗണനയിലുണ്ടെന്നാണ് സൂചന. കേന്ദ്രകമ്മിറ്റിയിൽ നിന്ന് പി.കരുണാകരൻ, വൈക്കം വിശ്വൻ എന്നിവരൊഴിവാക്കപ്പെടും. എം.സി ജോസഫൈനും ഒഴിവാക്കപ്പെടാനാണ് സാധ്യത. പകരം ജെ മേഴ്സിക്കുട്ടിയമ്മ, സി.എസ് സുജാത എന്നിവരുടെ പേരുകൾ വനിതാ പ്രാതിനിധ്യത്തിന്റെ പേരിൽ പരിഗണിക്കുന്നുണ്ട്. പി.രാജീവ് , കെ.എൻ ബാലഗോപാൽ എന്നീ യുവനിരയെ കേന്ദ്രകമ്മിറ്റിയിലേക്ക് പരിഗണിച്ചേക്കും.