നേരത്തേ നടപടി എടുത്തിരുന്നെങ്കിൽ നിരവധി ജീവിതങ്ങൾ മാറുമായിരുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെ വിമർശിച്ച് പാർവതി തിരുവോത്ത്
|സ്ത്രീസുരക്ഷയെ കുറിച്ച് പറയുന്ന സർക്കാർ ഈ വിഷയത്തിൽ നടപടി സ്വീകരിക്കാൻ വൈകിയെന്നും പാർവതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെ വിമർശിച്ച് ഡബ്ലു.സി.സി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നേരത്തേ നടപടി എടുക്കേണ്ടതായിരുന്നെന്നും എങ്കിൽ നാലര വർഷം കൊണ്ട് നിരവധി ജീവിതങ്ങൾ മാറിയേനേയെന്നും ഡബ്ലു.സി.സി. പ്രവർത്തകയും നടിയുമായ പാർവതി തിരുവോത്ത് മീഡിയവണിനോട് പറഞ്ഞു. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നു എന്ന് പറയുന്ന സർക്കാർ ഈ വിഷയത്തിൽ നടപടി സ്വീകരിക്കാൻ വൈകിയെന്നും പാർവതി പറഞ്ഞു.
ഡബ്ലു.സി.സി ഉൾപ്പെടെയുളള സംഘടനകൾ ചോദിക്കുന്നതും വാദിക്കുന്നതും ആളുകളുടെ ജീവിതവും തൊഴിലിനേയും കുറിച്ചാണ്. തൊഴിലിടങ്ങളിലെ അവകാശങ്ങളെ കുറിച്ചാണ്. പാർവതി പറഞ്ഞു. കുറ്റം ചെയ്തവരുടെ പേരുകളേക്കാൾ പ്രധാനം ഇനിയുള്ള നടപടികളാണെന്നും സർക്കാർ ഇനിയെന്ത് ചെയ്യുന്നുവെന്ന് സസൂക്ഷ്മം നിരീക്ഷിക്കുമെന്നും പാർവതി പറഞ്ഞു. തങ്ങൾ ഇതുവരെ പറഞ്ഞതിനെല്ലാം വിശ്വാസ്യത കൈവന്നതിൽ സന്തോഷമുണ്ട്, ട്രിബ്യൂണൽ, കോൺക്ലെവ് നിർദേശങ്ങൾക്ക് കൂടുതൽ വ്യക്തത വേണം പാർവതി മീഡിയവണിനോട് പറഞ്ഞു.
വിഷയത്തിൽ പ്രതികരിച്ച മന്ത്രിമാരുടെ പ്രസ്താവനകൾ നിരാശയുണ്ടാക്കിയെന്നും ഇരകൾ കേസുകൊടുക്കട്ടേയെന്ന് പറയുന്നത് സങ്കടകരമാണെന്നും പറഞ്ഞ പാർവതി ജനങ്ങളേൽപ്പിച്ച വിശ്വാസം സർക്കാർ തകർത്തു എന്നും വിമർശിച്ചു.
സംഘടിപ്പിക്കാൻ പോകുന്ന കോൺക്ലേവ് എന്തിനാണെന്നും അതിന്റെ ഉദ്ദേശമെന്താണെന്നും കോൺക്ലേവിലൂടെ സർക്കാർ ഇത്തരം പ്രശ്നങ്ങൾക്ക് ഏതു രീതിയിൽ ഉത്തരം കണ്ടെത്തുമെന്നും പാർവതി ചോദിച്ചു. അത്തരത്തിൽ സർക്കാറിന്റെ ഇനിയുള്ള ഒരോ നീക്കവും ഏറെ സൂക്ഷമതയോടെയാണ് നിരീക്ഷിക്കുന്നത്. മീഡിയാവൺ പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.