'മാപ്പിള ഹാൽ': മലബാർ സമരത്തിന്‍റെ നൂറാം വാർഷികത്തെ അടയാളപ്പെടുത്തുന്ന വേറിട്ട ആവിഷ്കാരവുമായി എസ്.ഐ.ഒ
|1921 മലബാർ സമരത്തെ ഡിജിറ്റൽ ദൃശ്യതയുടെ സഹായത്തോടെ ആദ്യമായി അടയാളപ്പെടുത്തുന്ന വ്യത്യസ്തമായ അവതരണമാണ് മാപ്പിള ഹാൽ വെർച്ച്വൽ എക്സിബിഷൻ
1921 മലബാർ സമര നൂറാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് എസ്.ഐ.ഒ കേരള സംഘടിപ്പിക്കുന്ന ഇന്‍ററാക്ടീവ് വെർച്വൽ എക്സിബിഷൻ 'മാപ്പിള ഹാൽ' ലോഗോ ഉസ്താദ് അബ്ദുനാസർ മഅ്ദനി പ്രകാശനം ചെയ്‌തു.1921 മലബാർ സമരത്തെ ഡിജിറ്റൽ ദൃശ്യതയുടെ സഹായത്തോടെ ആദ്യമായി അടയാളപ്പെടുത്തുന്ന വ്യത്യസ്തമായ അവതരണമാണ് എസ്.ഐ.ഒ സംഘടിപ്പിക്കുന്ന മാപ്പിള ഹാൽ വെർച്വൽ എക്സിബിഷൻ.
സമരത്തെക്കുറിച്ചുള്ള വ്യത്യസ്ത വായനകൾ, ചരിത്ര രചനകൾ, രേഖകൾ, സമര വ്യക്തിത്വങ്ങൾ, പോരാട്ട സംഭവങ്ങൾ തുടങ്ങിയ സമഗ്ര വിവരങ്ങൾ അടങ്ങിയ ഇന്‍ററാക്ടീവ് വെർച്വൽ എക്സിബിഷൻ ' മാപ്പിള ഹാൽ ' മലബാർ സമരത്തെക്കുറിച്ച വിവരങ്ങൾ വളരെ ജനകീയമായിത്തന്നെ എല്ലാവർക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒരുക്കുന്നത്. ബ്രിട്ടീഷുകാരടക്കമുള്ള അധിനിവേശ ശക്തികൾക്കും ജാതി മേധാവിത്വത്തിനുമെതിരെ നിലകൊണ്ട മലബാറിലെ സുദീർഘമായ വൈജ്ഞാനിക-സമര പാരമ്പര്യത്തെ ഹാലിളക്കമായും മത ഭ്രാന്തായും ചിത്രീകരിച്ച കൊളോണിയൽ-സവർണ്ണ ആഖ്യാനങ്ങൾക്കുള്ള വിമർശക ബദൽ കൂടിയായ 'മാപ്പിള ഹാൽ' വരുന്ന ഡിസംബർ 15 മുതൽ പൊതു ജനങ്ങൾക്ക് ലഭ്യമാകും.
എസ് ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സെക്രട്ടറി റഷാദ് വി.പി, എക്സിബിഷൻ ഡയറക്ടറും സംസ്ഥാന സമിതി അംഗവുമായ നിയാസ് വേളം, എക്സിബിഷൻ ക്യൂറേറ്റർ ഷഹീൻ അബ്ദുള്ള, മുസമ്മിൽ എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.