മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനമൊഴിഞ്ഞു
|ആരോഗ്യപ്രശ്നമാണ് രാജിക്ക് കാരണമെന്നാണ് വിശദീകരണം.
കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞു. ആരോഗ്യപ്രശ്നമാണ് രാജിക്ക് കാരണമെന്നാണ് വിശദീകരണം.
മുൻകൂട്ടി തയാറാക്കിയ വാർത്താക്കുറിപ്പ് മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചാണ് മാർ ആലഞ്ചേരി പദവിയൊഴിയാനുള്ള തീരുമാനം അറിയിച്ചത്. മാർപ്പാപ്പയുടെ അനുമതിയോടെ പദവിയൊഴിയുന്നുവെന്നാണ് ആലഞ്ചേരി വിശദീകരിച്ചത്.
നേരത്തെ തന്നെ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് സ്ഥാനമൊഴിയുന്നുവെന്ന് ആലഞ്ചേരി അറിയിച്ചിരുന്നു. എന്നാൽ ഇതിൽ മാർപ്പാപ്പ സിനഡിന്റെ അഭിപ്രായം തേടിയിരുന്നു. തീരുമാനം സിനഡ് അംഗീകരിച്ചിരുന്നില്ല. തുടർന്ന് 2022 നവംബറിൽ മാർപ്പാപ്പയ്ക്ക് വീണ്ടും രാജിക്കത്ത് അയയ്ക്കുകയായിരുന്നു.
ഇതിലാണ് ഇപ്പോൾ മാർപ്പാപ്പ അനുകൂല തീരുമാനമെടുത്തതെന്ന് ആലഞ്ചേരി അറിയിച്ചു. രാജി മാർപ്പാപ്പ സ്വീകരിച്ചെന്നും മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് ഔദ്യോഗികമായി വിരമിക്കുന്നതായും ആലഞ്ചേരി വിശദമാക്കി. പുതിയ ആർച്ച് ബിഷപ്പിനെ അടുത്ത സിനഡിനെ തീരുമാനിക്കും.
കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ പുതിയ ആർച്ച് ബിഷപ്പായി സ്ഥാനമേൽക്കും. സഭാരീതിയനുസരിച്ച് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും വരെ മാർ സെബാസ്റ്റ്യനാണ് താൽക്കാലിക ചുമതല.
ഇതോടൊപ്പം തൃശൂർ ആർച്ച് ബിഷപ്പ് കൂടിയായ ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിയും. പുതിയ അഡ്മിനിസ്ട്രേറ്ററായി മെൽബൺ രൂപതയുടെ ബിഷപ് സ്ഥാനത്തുനിന്ന് വിരമിച്ച ബോസ്കോ പുത്തൂർ ചുമതലയേൽക്കും.