നാട്ടുകാരുടെ മുഴുവൻ ദുരിതങ്ങൾ കാണുന്ന ആളാണ്, ആഴ്ചയില്‍ എട്ടു ദിവസം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകാറുണ്ട്; ഉമ്മന്‍ചാണ്ടിയുടെ തിരക്കുകള്‍ കണ്ട് മറിയാമ്മ പറഞ്ഞു
|പൊതുവേദികളില്‍ വിരളമായിട്ടേ മറിയാമ്മ പ്രത്യക്ഷപ്പെടാറുള്ളൂ
കോട്ടയം: പൊതുപ്രവര്‍ത്തകനായ ഭര്‍ത്താവിന്റെ തിരക്കുകള്‍ നന്നായി അറിയാവുന്ന ആളായിരുന്നു ഭാര്യ മറിയാമ്മ. ആള്‍ക്കൂട്ടവും ആരരവുമില്ലാതെ ഭര്‍ത്താവിനെ കാണാന്‍ സാധിക്കുന്നില്ലെന്നും അവര്‍ക്ക് അറിയാമായിരുന്നു. എല്ലാവരുടെയും കണ്ണീരൊപ്പുന്ന ആളാണ് , എന്റേം മക്കൾടേം കണ്ണീര് ആരൊപ്പും എന്ന് മറിയാമ്മ തമാശയായി ചോദിക്കാറുണ്ട്.
പൊതുവേദികളില്‍ വിരളമായിട്ടേ മറിയാമ്മ പ്രത്യക്ഷപ്പെടാറുള്ളൂ... കുവൈത്ത് ഒഐസിസി സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയനുഭവിക്കുന്ന വിഷമങ്ങൾ വളരെ രസകരമായ വാക്കുകളിലൂടെയാണ് മറിയാമ്മ പങ്കുവച്ചത്. തന്നെ പ്രസംഗിക്കാന്‍ വിളിച്ചപ്പോള്‍ മുതല്‍ ഭര്‍ത്താവിന് ഉള്‍ക്കിടിലമാണെന്ന് പറഞ്ഞായിരുന്നു മറിയാമ്മ പ്രസംഗം തുടങ്ങിയത്. ''ഞാൻ രാഷ്ട്രീയം അറിയാത്ത രാഷ്ട്രീയക്കാരിയല്ല, പ്രസംഗിക്കാൻ ഒന്നുമറിയില്ല. ഒരുപാട് അസുഖങ്ങൾ ഒക്കെയുള്ള പാവം വീട്ടമ്മയാണ് ഞാൻ''- മറിയാമ്മ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ സദസില്‍ കയ്യടി ഉയര്‍ന്നിരുന്നു.
''ഉമ്മൻചാണ്ടിയെപ്പറ്റി നിങ്ങൾക്ക് നന്നായി അറിയാം. നാട്ടുകാരുടെ മുഴുവൻ ദുരിതങ്ങൾ കാണുന്ന ആളാണ്. 24*7 ആണ് പ്രവർത്തനം. അതിനാൽ ആഴ്ചയിൽ എട്ട് ദിവസം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഇടയ്ക്കിടെ ആഗ്രഹിച്ചുപോകാറുണ്ട്. ഇതിനിടയിൽ ഒരു ദിവസം എനിക്കും കുടുംബത്തിനും അദ്ദേഹത്തെ കിട്ടുമോ എന്നും മറിയാമ്മ ചോദിച്ചു. എല്ലാവരുടെയും കണ്ണീരൊപ്പുന്ന ആളാണ്, എന്റേം മക്കൾടേം കണ്ണീര് ആരൊപ്പും എന്നായിരുന്നു'' മറിയാമ്മയുടെ ചോദ്യം.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടുമ്പോഴും മനസാന്നിധ്യത്തോടെ പിടിച്ചുനിന്നു മറിയാമ്മ. ''ആരോടും പകയില്ല, വെറുപ്പുമില്ല. വേദനിപ്പിച്ചവര്‍ക്ക് മനസ്താപം വരണമെന്ന പ്രാര്‍ത്ഥന മാത്രം. എല്ലാമോരു ഷോക്കായിരുന്നു. കാലങ്ങള്‍ നഷ്ടമായി'' പിന്നീട് സോളാര്‍ കേസില്‍ തെളിവില്ലെന്ന് കോടതിയെ സിബിഐ അറിയിച്ചെന്ന വിവരം അറിഞ്ഞപ്പോള്‍ മറിയാമ്മ പറഞ്ഞത്.