കൊണ്ടോട്ടി മൊറയൂരിൽ 75 കിലോ കഞ്ചാവും 52 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
|മൊറയൂർ സ്വദേശി ഉബൈദുല്ല, കൊണ്ടോട്ടി സ്വദേശി അബ്ദുറഹിമാൻ, ഭാര്യ സീനത്ത് എന്നിവരാണ് പിടിയിലായത്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥർ സംഘത്തെ കുടുക്കിയത്.
കൊണ്ടോട്ടി: കൊണ്ടോട്ടി മൊറയൂരിൽ 75 കിലോ കഞ്ചാവും 52 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം കോഴിക്കോട് ജില്ലകളിൽ കഞ്ചാവ് വിൽപന നടത്തുന്ന സംഘമാണ് എക്സൈസിന്റെ പിടിയിലായത്.
മൊറയൂർ സ്വദേശി ഉബൈദുല്ല, കൊണ്ടോട്ടി സ്വദേശി അബ്ദുറഹിമാൻ, ഭാര്യ സീനത്ത് എന്നിവരാണ് പിടിയിലായത് . മലപ്പുറം എക്സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥരും എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജൻസും മലപ്പുറം ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഉബൈദുല്ലയുടെ ഇരുചക്ര വാഹനത്തിലും അബ്ദുറഹ്മാന്റെ വീട്ടിലും കാറിലുമായാണ് ലഹരിവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്.
മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥർ സംഘത്തെ കുടുക്കിയത്. മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് സംഘമാണ് പിടിയിലായതെന്നും മലപ്പുറം കോഴിക്കോട് ജില്ലകളിലായാണ് ഇവർ ലഹരി വിൽപന നടത്തുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഘത്തെ കേന്ദ്രീകരിച്ച് തുടരന്വേഷണം തുടരുകയാണ്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായാണ് എക്സൈസ് നിഗമനം. തുടർദിവസങ്ങളിൽ കൂടുതൽപേർ പിടിയിലാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.