സോഷ്യൽ മീഡിയയിൽ വിവാഹപരസ്യ തട്ടിപ്പ് വ്യാപകം; നിരവധി പേർക്ക് പണം നഷ്ടമായി
|വിവാഹം ആലോചിച്ച് എത്തുന്നവർക്കെല്ലാം ഒരേ പെൺകുട്ടിയുടെ നമ്പർ തന്നെയാണ് നൽകുന്നത്
സംസ്ഥാനത്ത് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് വ്യാപക വിവാഹ പരസ്യ തട്ടിപ്പ്. വിവാഹ പരസ്യം കണ്ട് വിളിക്കുന്നവരിൽ നിന്ന് പണം വാങ്ങി കബളിപ്പിക്കുന്ന ഗ്രൂപ്പുകൾ സജീവമാണ്. വിവാഹം ആലോചിക്കുന്നവർക്കെല്ലാം നല്‍കുന്നത് ഏജന്റിനൊപ്പം ചേർന്ന് കബളിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയുടെ നമ്പർ. അവർ ഏറെ നാൾ സംസാരിച്ച ശേഷം ഒഴിഞ്ഞു മാറുന്ന രീതിയിലാണ് തട്ടിപ്പ് നടക്കുന്നത്. മീഡിയവണ്‍ അന്വേഷണം.
സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ഒരു വിവാഹ പരസ്യത്തിലെ ഏജന്റുമായി ബന്ധപ്പെടുന്നു. പെണ്‍കുട്ടികളുടെ ഫോട്ടോയും വിവരങ്ങളും നല്‍കും. താല്പര്യമുണ്ടെന്ന് അറിയിച്ചാല്‍ രജിസ്ട്രേഷന് തുക അടച്ചാല്‍ ഫോണ്‍ നമ്പർ നല്‍കാമെന്ന് അറിയിക്കും. 3000 രൂപ മുതല്‍ 5000 രൂപവരെ പണം അടക്കുന്നതോടെ ഫോണ്‍ നമ്പർ കിട്ടും. പെണ്ണുകാണല്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ക്കായി തീയതി ഉറപ്പിക്കുമ്പോഴാണ് കഥ മാറുന്നത്.
ഏറ്റവും രസകരമായ കാര്യം ഈ ഏജന്സില് രജിസ്റ്റർ ചെയ്ത നിരവധി പേർക്ക് കിട്ടിയത് വെവ്വേറെ പെണ്‍കുട്ടികളുടെ ഫോട്ടോയാണെങ്കിലും ഒരേ ഫോണ്‍ നമ്പർ. സംസാരിക്കുന്നതെല്ലാം ഒരേ പെണ്‍കുട്ടി. കൂടിക്കാഴ്ച ഒഴിവാക്കാനായി എല്ലാവരോടും പറയുന്നത് ആശുപത്രി കഥ തന്നെ. തൃശൂർ സ്വദേശികളുടെ ബാങ്ക് അക്കൗട്ടിലേക്കാണ് പണം സ്വീകരിക്കുന്നത്. തൃശൂർ അത്താണി കേന്ദ്രീകരിച്ച് ഇവർ ഇപ്പോൾ പ്രവർത്തിക്കുന്നത്. വിവിധ സ്റ്റേഷനുകളിൽ തട്ടിപ്പ് സംഘത്തിനെതിരെ മാസങ്ങൾക്ക് മുമ്പ് തന്നെ പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല.