കോവിഡ് വാർഡിലെ മിന്നുകെട്ട്; വരൻ കോവിഡ് ബാധിച്ച് ചികിത്സയിൽ പിപിഇ കിറ്റണിഞ്ഞ് വാർഡിൽ വധുവെത്തി
|കതിർമണ്ഡപത്തിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയുമൊക്കെ സാക്ഷിയാക്കി നടക്കേണ്ട വിവാഹമായിരുന്നു. കോവിഡ് ആ സ്വപ്നമെല്ലാം തകർത്തു.
കോവിഡ് ചികിത്സയിൽ കഴിയുന്ന യുവാവിന് വിവാഹവേദിയായി കോവിഡ് വാർഡ്. കതിർമണ്ഡപത്തിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയുമൊക്കെ സാക്ഷിയാക്കി നടക്കേണ്ട വിവാഹമായിരുന്നു. കോവിഡ് ആ സ്വപ്നമെല്ലാം തകർത്തു.
ശരത്തിനും അഭിരാമിക്കും വിവാഹ വേദിയായത് കോവിഡ് വാർഡിലെ പ്രത്യേകമുറി. മംഗല്യ കോടിക്ക് പുറത്ത് പിപിഇ കിറ്റ് ധരിച്ചാണ് അഭിരാമി വാർഡിലെത്തിയത്. രോഗം ബാധിച്ച് വാർഡിലുള്ള അമ്മ ജിജിമോളെ സാക്ഷിയാക്കി ശരത് അഭിരാമിയെ താലി ചാർത്തി സ്വന്തമാക്കി. കൊട്ടും കുരവയും മനസിൽ മാത്രം.
കൈനകരി സ്വദേശി ശരത് മോന്റെയും കുപ്പപ്പുറം സ്വദേശിനി അഭിരാമിയുടെയും വിവാഹമാണ് ആലപ്പുഴ മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ നടന്നത്. വരൻ കോവിഡ് പോസിറ്റിവായതിനെ തുടർന്ന് ഒരുതവണ മാറ്റിവെച്ച വിവാഹം കളക്ടറുടെ അനുമതിയോടെ ആശുപത്രിയിൽ വെച്ച് നടത്തുകയായിരുന്നു.
പ്രിയപ്പെട്ടവർ ഒപ്പമില്ലാത്തതിന്റെ സങ്കടമുണ്ടെങ്കിലും വിവാഹം നടന്നതിൽ അഭിരാമിക്ക് സന്തോഷം. നിശ്ചയിച്ചുറപ്പിച്ച കല്യാണത്തിന് എതാനും ദിവസം മുൻപാണ് ശരത്തും അമ്മയും കോവിഡ് ബാധിച്ച് ആശുപത്രിയിലായത്. കഴിഞ്ഞ ഒക്ടോബറിൽ നടത്താനിരുന്ന വിവാഹം,ശരത്തിന് വിദേശത്ത് നിന്ന് എത്താനാകാത്തതിനാൽ മാറ്റിവെച്ചതാണ്. ഇനി മാറ്റേണ്ടന്ന വീട്ടുകാരുടെ തീരുമാനമാണ് കോവിഡ് വാർഡിലെ വിവാഹത്തിന് വഴിയൊരുക്കിയത്.