ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിൽ നിന്നെന്ന് മാർട്ടിൻ; സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും ഷൂട്ട് ചെയ്തു
|മാർട്ടിനെതിരെ യുഎപിഎ ചുമത്തി, ഫോൺ, പാസ്‌പോർട്ട്, ആധാർ ഉൾപ്പടെയുള്ള രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊച്ചി: കളമശ്ശേരിയിൽ സ്‌ഫോടനം നടത്തുന്നതിന് വേണ്ടി ബോംബുണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിൽ നിന്നെന്ന് മാർട്ടിന്റെ മൊഴി. സ്‌ഫോടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രതി തന്നെ പൊലീസിന് നൽകിയിട്ടുണ്ട്. ഈ ദൃശ്യങ്ങളും സ്‌ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ചാണ് പൊലീസ് പ്രതി മാർട്ടിൻ ആണെന്ന് സ്ഥിരീകരിച്ചത്.
റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്‌ഫോടനം ട്രിഗർ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് മാർട്ടിൻ പൊലീസിന് മുന്നിൽ ഹാജരാക്കിയത്. താൻ തന്നെയാണ് സ്‌ഫോടനത്തിന് പിന്നിലെന്നും തെളിവ് പക്കലുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തൽ. സഭയോടുള്ള വിരോധം മൂലമാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് തന്നെയാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
പ്രതിക്ക് മറ്റാരുടെയെങ്കിലും പിന്തുണ കിട്ടിയിട്ടുണ്ടോ എന്നുള്ളതാണ് ഇനി പൊലീസിന് കണ്ടെത്താനുള്ളത്. ഐഇഡി ഡിവൈസ് ഉപയോഗിച്ചുള്ള സ്‌ഫോടനമായതിനാൽ തന്നെ ഇത്തരമൊരു പരിശോധനക്ക് കാര്യമായ പ്രസക്തിയുണ്ട്. പ്രതിയെ നിലവിൽ കളമശ്ശേരി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
അഞ്ചര വർഷമായി തമ്മനത്താണ് മാർട്ടിന്റെ താമസം. ഇടയ്ക്ക് ജോലിക്കായി വിദേശത്ത് പോയിരുന്നെങ്കിലും ഒന്നരവർഷം മുമ്പ് തിരിച്ചെത്തി. തമ്മനത്തെ ഈ വീട്ടിലെത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. മാർട്ടിന്റെ ഭാര്യയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബോംബ് നിർമിച്ചത് ഈ വീട്ടിലാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.
സംഭവത്തിൽ മാർട്ടിനെതിരെ പൊലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. സ്‌ഫോടനം തീവ്രവാദപ്രവർത്തനമെന്നാണ് എഫ്‌ഐആർ.