'കേസ് ഒതുക്കാൻ കെട്ടിപ്പിടിച്ച് നിന്നത് ഞാനാണോ': മോദിക്കൊപ്പമുള്ള പിണറായി വിജയന്റെ ഫോട്ടോ ഉയർത്തിക്കാണിച്ച് മറിയക്കുട്ടി
|പിണറായിയുടേതല്ലാത്ത എല്ലാ പാർട്ടികളുടേയും പരിപാടികൾക്ക് പോകുമെന്നും മറിയക്കുട്ടി
തിരുവന്തപുരം: കേസ് ഒതുക്കാൻ കെട്ടിപ്പിടിച്ച് നിന്നത് ഞാനാണോയെന്ന് ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ച് ശ്രദ്ധനേടിയ മറിയക്കുട്ടി. ബി.ജെ.പി. പരിപാടികളിൽ പങ്കെടുത്തതിനേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറിയക്കുട്ടിയുടെ പ്രതികരണം.
പ്രധാനമന്ത്രി മോദിക്ക് മുന്നിൽ മുഖ്യമന്ത്രി കൈകൂപ്പി നിൽക്കുന്ന ചിത്രമുയർത്തിയാണ് മറിയക്കുട്ടി ഇക്കാര്യം പറഞ്ഞത്. പിണറായിയുടേതല്ലാത്ത എല്ലാ പാർട്ടികളുടേയും പരിപാടികൾക്ക് പോകുമെന്നും മറിയക്കുട്ടി വ്യക്തമാക്കി.
രാവിലെ കോൺഗ്രസ്, രാത്രി ബി.ജെ.പി. എന്നാണ് എന്നെക്കുറിച്ച് സി.പി.എം. പറയുന്നത്. അതെന്റെ പണിയല്ല. എനിക്ക് ആരെയും കെട്ടിപ്പിടിക്കേണ്ട കാര്യമില്ല. മാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നത്. പാവപ്പെട്ടവർക്ക് പെൻഷൻ വേണം. ജനങ്ങളുടെ അവകാശമാണ് ചോദിക്കുന്നത്- മറിയക്കുട്ടി പറഞ്ഞു.
ഞാൻ സ്വതന്ത്രയാ, സി.പി.എം ഒഴികെ ആരുവിളിച്ചാലും അവിടെയൊക്കെ പോകും ഇതൊക്കെ ഞാൻ ആദ്യമെ പറഞ്ഞതാ. കണ്ടത് പറയാനാ പോകുന്നത്. ഞങ്ങൾക്ക് റേഷൻ വേണം- മറിയിക്കുട്ടി വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നിൽ സേവ് കേരള ഫോറത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മറിയക്കുട്ടി.
Watch Video Report