ആനക്കലിയുടെ ദുഃഖസ്മാരകമായി ഇടുക്കി സിങ്കുകണ്ടത്തെ മേരിയുടെ വീട്
|ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടിന് മുന്നിൽ വെച്ചാണ് ചക്കക്കൊമ്പൻ മേരിയുടെ മകന്‍ സുനിലിനെ കൊലപ്പെടുത്തിയത്
ഇടുക്കി: ആനക്കലിയുടെ ഒരിക്കലും മായാത്ത, സ്മാരകമാണ്, ഇടുക്കി സിങ്കുകണ്ടത്തെ മേരിയുടെ വീട്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടിന് മുന്നിൽ വെച്ചാണ് ചക്കക്കൊമ്പൻ മേരിയുടെ മകന്‍ സുനിലിനെ കൊലപ്പെടുത്തിയത്. അന്നു മുതൽ തോരാത്ത കണ്ണീരുമായാണ് ഈ അമ്മയുടെ ജീവിതം.
2017 ജൂണിലാണ്, സുനിലിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. സിങ്കുകണ്ടം-ചിന്നക്കനാല്‍ പാതയില്‍ നില്‍ക്കുകയായിരുന്ന, ചക്കകൊമ്പന്‍ സുനിലിന്റെ നേരെ പാഞ്ഞടുക്കുകയായിരുന്നു. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന മേരി, മകനോട് ഓടി വരാന്‍ പറഞ്ഞെങ്കിലും അതിന് സാധിച്ചില്ല. വീട്ടിലേയ്ക്കുള്ള വഴിയില്‍, വെച്ച് ആന സുനിലിനെ ആക്രമിച്ചു.
ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു. എട്ട് ദിവസം കോട്ടയം മെഡിക്കല്‍ കോളജിൽ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ശേഷമാണ് സുനിൽ മരണത്തിന് കീഴടങ്ങിയത്. കാട്ടാനക്കലിയിൽ അനാഥമായത് മേരിയുടെ ജീവിതം മാത്രമല്ല പിച്ചവെച്ച് തുടങ്ങിയ രണ്ട് കുരുന്നുകളുടെ ജീവിതം കൂടിയാണ്. സുനിൽ, ബാബു, പാട്ടിയമ്മ തുടങ്ങി, നിരവധി ജീവനുകളാണ്, സിങ്കുകണ്ടത്തും 301 ലും , മൂലത്തറയിലുമൊക്കെയായി കാട്ടാന കലിയില്‍ പൊലിഞ്ഞിട്ടുള്ളത്.