സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ പിഴ
|വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇനി മുതല്‍ പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കണം. ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വന്നത്. പിഴത്തുക എത്രയാണെന്ന് ഉത്തരവില്‍ പറയുന്നില്ല.
ദുരന്തനിവാരണ നിയമപ്രകാരമാണ് പുതിയ ഉത്തരവ്. കോവിഡ് വ്യാപന തീവ്രത കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് മാര്‍ച്ച് മുതല്‍ കേന്ദ്രം അയവു വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കിയിരുന്നില്ല. എന്നാല്‍ പല സംസ്ഥാനങ്ങളിലും കോവിഡ് വീണ്ടും വ്യാപിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ കോവിഡ് തീവ്രവ്യാപനമില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് പുതിയ ഉത്തരവ്.
കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം
രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം ചേരും. രാജ്യത്ത് നാലാംതരംഗ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഓണ്‍ലൈനായി യോഗം ചേരുന്നത്. സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകൾ പ്രധാനമന്ത്രി വിലയിരുത്തും.
പ്രതിദിന കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ഡൽഹി, കേരളം, മഹാരാഷ്ട്ര, യുപി, ഹരിയാന സംസ്ഥാനങ്ങളിൽ പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേകം നിർദേശം നൽകിയേക്കും. 12 വയസിന് മുകളിലുള്ള കുട്ടികളുടെയും ബൂസ്റ്റർ ഡോസിന് അർഹരായവരുടെയും വാക്സിനേഷൻ മന്ദഗതിയിൽ തുടരുന്നതിൽ കേന്ദ്രത്തിന് ആശങ്ക ഉണ്ട്. ഇത് എത്രയും വേഗം പരിഹരിക്കാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകും.
മാസ്ക് ഉൾപ്പെടെയുള്ള അവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കിയ സംസ്ഥാനങ്ങൾ അത് തിരികെ കൊണ്ടുവരണമെന്ന നിർദേശവും പ്രധാനമന്ത്രി യോഗത്തിൽ മുന്നോട്ട് വെക്കും. പരിശോധന വർധിപ്പിക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നുവരും. അഞ്ച് വയസിന് മുകളിലുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് രണ്ട് വാക്സിന് അനുമതി നൽകിയ സാഹചര്യത്തിൽ കുട്ടികൾക്ക് ഉള്ല കുത്തിവെപ്പിന് ഉടൻ കേന്ദ്രം അനുമതി നൽകിയേക്കും.