'ഷംസീർ പൂർണമായും മാസ്ക് ഒഴിവാക്കിയോ?'; ചോദ്യവുമായി സ്പീക്കർ
|മാസ്ക് ഉപേക്ഷിക്കുന്നത് തെറ്റായ സന്ദേശം നൽകും
തിരുവനന്തപുരം: നിയമസഭയിൽ എല്ലാ അംഗങ്ങളും മാസ്ക് ധരിക്കണമെന്ന് സ്പീക്കർ എംബി രാജേഷ്. പലരും മാസ്ക് പൂർണമായും ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
മാസ്ക് ഉപേക്ഷിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ എ.എൻ ഷംസീർ മാസ്ക് പൂർണമായും ഒഴിവാക്കിയോ എന്നും ചോദിച്ചു.
'ബഹുമാനപ്പെട്ട ശ്രീ എ.എൻ ഷംസീർ, അങ്ങിന്ന് തീരെ മാസ്ക് ഉപേക്ഷിച്ചതായിട്ടാണ് കാണുന്നത്. മറ്റു പല അംഗങ്ങളും മാസ്ക് താടിക്കു വെച്ചതായി കാണുന്നുണ്ട്. ശ്രീ കുറുക്കോളി മൊയ്തീൻ... എല്ലാവർക്കും ബാധകമാണ്. അദ്ദേഹം ഇന്ന് തീരെ ഉപയോഗിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടതു കൊണ്ട് പറഞ്ഞതാണ്. മറ്റു പല അംഗങ്ങളും മാസ്ക് താടിക്കുവച്ചാണ് ഇരിക്കുന്നത്. ഇത് വെബ് കാസ്റ്റ് ചെയ്യുന്നതാണ്. ടെലിവിഷൻ ചാനലുകൾ വഴി ആളുകൾ കാണും. തെറ്റായ സന്ദേശമാണ് കൊടുക്കുന്നത്.' - എന്നായിരുന്നു സ്പീക്കറുടെ വാക്കുകൾ.
നേരത്തെ, നിയമസഭാ സമ്മേളനം ആരംഭിച്ച ദിവസം മാസ്ക് ധരിക്കാതെ എത്തിയ ഷംസീറിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. സ്കൂട്ടറിലെത്തിയ ഷംസീർ മാധ്യമങ്ങളെ കണ്ടതോടെ വേഗത്തിൽ മാസ്ക് എടുത്തണിയുകയായിരുന്നു.